You are currently viewing മടിക്കൈ സ്‌കൂള്‍ കെട്ടിടവും  പാലിയേറ്റിവ് സൊസൈറ്റി കെട്ടിടവും ധനകാര്യ മന്ത്രി നാടിന് സമര്‍പ്പിച്ചു

മടിക്കൈ സ്‌കൂള്‍ കെട്ടിടവും  പാലിയേറ്റിവ് സൊസൈറ്റി കെട്ടിടവും ധനകാര്യ മന്ത്രി നാടിന് സമര്‍പ്പിച്ചു

മടിക്കൈ മേക്കാട് ഗവണ്‍മെന്റ് വൊക്കേഷണൽ ഹയര്‍സെക്കന്ററി  സ്‌കൂളില്‍ നിര്‍മ്മിച്ച പുതിയ കെട്ടിടവും മടിക്കൈ പാലിയേറ്റിവ് സൊസൈറ്റി കെട്ടിടവും ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍ നാടിന് സമര്‍പ്പിച്ചു. ഭൗതിക നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മടിക്കൈ സ്‌കൂള്‍ വിദ്യാകിരണം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച കിഫ്ബിയുടെ കെട്ടിടം,കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച കെട്ടിടം, ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച എസ്.ഡി.സി ലാബ് കെട്ടിടം എന്നിവയുടെ ഉദ്ഘടനം ആണ് മന്ത്രി നിര്‍വഹിച്ചത്. മടിക്കൈ ഗ്രാമ പഞ്ചായത്ത് പാലിയേറ്റീവ് സൊസൈറ്റി കെട്ടിടോദ്ഘടനവും മന്ത്രി നിര്‍വഹിച്ചു.

കേരളം വിദ്യാഭ്യാസത്തെയും സാമൂഹിക ക്ഷേമത്തെയും ഒരുപോലെ മുന്‍ഗണന നല്‍കി മുന്നേറുന്ന സംസ്ഥാനമായി മാറിയതായി അദ്ദേഹം പറഞ്ഞു.  കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ സ്‌കൂളുകള്‍ മികച്ച നിലവാരത്തിലേക്ക് ഉയര്‍ന്നതോടെ കേരളത്തിന്റെ വിദ്യാഭ്യാസ രംഗം രാജ്യത്തിന് മാതൃകയായെന്നും അദ്ദേഹം പറഞ്ഞു.  വിദ്യാഭ്യാസ മേഖലയ്ക്ക് പുറമെ സാമൂഹ്യ-സാമ്പത്തിക മേഖലകളിലും സമാനമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ ഗവേഷണ കഴിവുകള്‍ വികസിപ്പിക്കാന്‍ ‘സ്‌കില്‍ ടു വെന്‍ച്വര്‍’ പോലുള്ള പദ്ധതികള്‍ സ്‌കൂളുകളില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പദ്ധതികള്‍ പ്രഖ്യാപനത്തില്‍ അവസാനിക്കാതെ നടപ്പിലാക്കുന്നതിലേക്കാണ് സര്‍ക്കാര്‍ നീങ്ങുന്നതെന്നും നവംബറില്‍ ക്ഷേമ പെന്‍ഷന്‍ കുടിശ്ശികയടക്കം 3600 രൂപ ഗുണഭോക്താക്കള്‍ക്ക് നല്‍കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ എം. പി. രാജ്മോഹന്‍ ഉണ്ണിത്താന്‍ മുഖ്യാതിഥിയായി. ഇ. ചന്ദ്രശേഖരന്‍ എം. എല്‍. എ അധ്യക്ഷത വഹിച്ചു.

എം.രാജാഗോപാലന്‍ എം.എല്‍.എ, മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീത, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം അബ്ദുല്‍ റഹ്‌മാന്‍, കാസര്‍കോട് ജില്ലാ പഞ്ചായത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എന്‍.ഷൈനി,  ജി.വി.എച്ച്.എസ്.എസ് മടിക്കൈ സെക്കന്‍ഡ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പ്രീതി ശ്രീധരന്‍, പി.ടി.എ പ്രസിഡന്റ് ശശീന്ദ്രന്‍ മടിക്കൈ, എസ്.എസ് .എം.സി ചെയര്‍മാന്‍ പി.സുകുമാരന്‍, മദര്‍ പി.ടി.എ പ്രസിഡണ്ട് സ്മിതാ സുരേശന്‍, സ്റ്റാഫ് സെക്രട്ടറി വി.ലതീഷ് ബാബു, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ സ്വാഗതവും ജി.വി.എച്ച്.എസ്.എസ് മടിക്കൈ സെക്കന്റ് സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ കെ.വി പത്മനാഭന്‍ നന്ദിയും പറഞ്ഞു.

Leave a Reply