മിഷൻ ഗഗൻയാനിനായുള്ള ക്രൂ മൊഡ്യൂൾ റിക്കവറി ടീമിന്റെ ആദ്യ ബാച്ച് കൊച്ചിയിലെ ഇന്ത്യൻ നേവിയുടെ വാട്ടർ സർവൈവൽ ട്രെയിനിംഗ് ഫെസിലിറ്റിയിൽ (ഡബ്ല്യുഎസ്ടിഎഫ്) ഒന്നാം ഘട്ട പരിശീലനം പൂർത്തിയാക്കിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
അത്യാധുനിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി, ഇന്ത്യൻ നേവിയിലെ മുങ്ങൽ വിദഗ്ധരും മറൈൻ കമാൻഡോകളും അടങ്ങുന്ന സംഘം വിവിധ സമുദ്ര സാഹചര്യങ്ങളിൽ ക്രൂ മൊഡ്യൂളിന്റെ വീണ്ടെടുക്കൽ പരിശീലനത്തിന് വിധേയരായി.
രണ്ടാഴ്ചത്തെ പരിശീലന ക്യാപ്‌സ്യൂളിൽ ദൗത്യത്തിന്റെ നടത്തിപ്പ്, അത്യാവശ്യ ഘട്ടങ്ങളിൽ സ്വീകരിക്കേണ്ട നടപടികൾ, വ്യത്യസ്ത വിമാനങ്ങളും അവയുടെ രക്ഷാപ്രവർത്തന ഉപകരണങ്ങളും പരിചയപ്പെടൽ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ നാവികസേനയും ഐഎസ്ആർഒയും സംയുക്തമായി രൂപീകരിച്ച പ്രത്യേക പ്രവർത്തന നടപടിക്രമങ്ങളും പരിശീലന പരിപാടി അംഗീകരിച്ചു.
സമാപന ദിവസം ഐഎസ്ആർഒയിലെ ഹ്യൂമൻ സ്‌പേസ് ഫ്‌ളൈറ്റ് സെന്റർ ഡയറക്ടർ ഡോ.മോഹൻ എം, റിക്കവറി പ്രദർശനത്തിന് സാക്ഷ്യം വഹിക്കുകയും ടീമുമായി സംവദിക്കുകയും ചെയ്തു. പരിശീലനം നേടിയ ടീം ഇനി വരും മാസങ്ങളിൽ ഐഎസ്ആർഓ ആസൂത്രണം ചെയ്ത പരീക്ഷണ വിക്ഷേപണങ്ങൾ വീണ്ടെടുക്കുന്നതിൽ ഏർപ്പെടും.
ഗഗൻയാൻ പദ്ധതി വിഭാവനം ചെയ്യുന്നത് 3 അംഗ സംഘത്തെ 3 ദിവസത്തെ ദൗത്യത്തിനായി 400 കിലോമീറ്റർ ഭ്രമണപഥത്തിലേക്ക് വിക്ഷേപിക്കുകയും അവരെ സുരക്ഷിതമായി ഭൂമിയിലേക്ക് കൊണ്ട് വന്ന് ഇന്ത്യൻ സമുദ്രജലത്തിൽ ഇറക്കുകയും ചെയ്യുക എന്നതാണ് .