തിരുവനന്തപുരം: ഇന്ത്യയിലെ തുറമുഖ ചരിത്രത്തിൽ അതുല്യമായ നേട്ടം സ്വന്തമാക്കി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ,ഇവിടെ ഇന്ത്യയിൽ ആദ്യമായി ഓട്ടോമേറ്റഡ് സിആർഎംജി (CRMG) ക്രെയിനുകൾ വനിതാ ഓപ്പറേറ്റർമാരാണ് നിയന്ത്രിക്കുന്നത്
വിഴിഞ്ഞം തുറമുഖത്ത് പ്രവർത്തനമനുഷ്ഠിക്കുന്ന 20 ക്രെയിൻ ഓപ്പറേറ്റർമാരിൽ 9 പേർ വനിതകളാണ്, എന്നത് വലിയ നേട്ടമായും മാറ്റത്തിന്റെ അടയാളമായും കണക്കാക്കപ്പെടുന്നു. പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമായി, ഈ വനിതാ ഓപ്പറേറ്റർമാരിൽ 7 പേർ വിഴിഞ്ഞം സ്വദേശികളാണ്, അതായത് നാട്ടുകാരെ ഉൾപ്പെടുത്തി വികസനപദ്ധതികൾ നടപ്പാക്കുന്നതിന്റെ മികച്ച ഉദാഹരണമായി ഇത് മാറുന്നു.
രാജ്യത്ത് തന്നെ ആദ്യമായാണ് വനിതകൾ യാർഡ് ക്രെയിനുകളുടെ നിയന്ത്രണം ഏറ്റെടുക്കുന്നത്. വിഴിഞ്ഞം, കോട്ടപ്പുറം, പൂവാർ സ്വദേശിനികളായ പി. പ്രിനു, എസ്. അനിഷ, എൽ. സുനിത രാജ്, ഡി.ആർ. സ്റ്റെഫി റബീറ, ആർ.എൻ.രജിത, പി.ആശാലക്ഷ്മി, എ.വി. ശ്രീദേവി, എൽ.കാർത്തിക, ജെ.ഡി. നതാന മേരി എന്നിവരാണ് വിഴിഞ്ഞം തുറമുഖത്തെ വനിതാ ക്രെയിൻ ഓപ്പറേറ്റർമാർ. ഇവരിൽ പലരും മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ നിന്നുള്ളവരാണ്. കണ്ടെയ്നറുകളുടെ നീക്കം അത്യാധുനിക റിമോട്ട് ഡെസ്ക് വഴി നിയന്ത്രിക്കുന്നതിനായി വിദഗ്ദ്ധ പരിശീലനം പൂർത്തിയാക്കിയ ഇവർ നാടിന്റെ അഭിമാനമായി മാറിയിരിക്കുകയാണ്.
പ്രവർത്തനശേഷിയിലും സാങ്കേതികമായ വൈദഗ്ധ്യത്തിലും പുരുഷന്മാരെക്കാൾ ഒരു പടിയും താഴ്ന്നില്ലെന്നത് ഈ വനിതാ ഓപ്പറേറ്റർമാരുടെ പ്രകടനം വ്യക്തമാക്കുന്നു. തുറമുഖത്തിന്റെ സമഗ്ര പ്രവർത്തനക്ഷമതയ്ക്കും ഗതാഗതസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഇവർ നിർണായക പങ്കുവഹിക്കുകയാണ്.
നവീന സാങ്കേതിക വിദ്യകളിൽ വനിതകളുടെ പങ്കാളിത്തം ഉറപ്പാക്കുന്ന ഈ മുന്നേറ്റം ആധുനിക സാങ്കേതിക വിദ്യ ആവശ്യമുള്ള ഇന്ത്യയിലെ എല്ലാ തൊഴിൽ മേഖലയ്ക്കും മാതൃകയായിരിക്കും.