മലപ്പുറം: തെരുവുനായയുടെ കടിയേറ്റ് പ്രതിരോധ വാക്‌സിൻ സ്വീകരിച്ചിരുന്നിട്ടും പേവിഷബാധയേറ്റ് ചികിത്സയിൽ കഴിയുന്ന അഞ്ചര വയസുകാരി മരിച്ചു. മലപ്പുറം പെരുവള്ളൂർ കാക്കത്തടം സ്വദേശി സൽമാനുൽ ഫാരിസിന്റെ മകൾ സിയ ഫാരിസ് ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിലാണ് പുലർച്ചെ രണ്ട് മണിയോടെ കുട്ടിയുടെ മരണം സംഭവിച്ചത്.
മാർച്ച് 29നാണ് മിഠായി വാങ്ങാൻ പോയപ്പോഴാണ് കുട്ടിയെ തെരുവുനായ കടിച്ചത്. കാലിലും തലയിലും ആഴത്തിലുള്ള മുറിവുകൾ ഉണ്ടായിരുന്നുവെന്നും, പ്രത്യേകിച്ച് തലയ്ക്കേറ്റ മുറിവ് ഗുരുതരമായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. തുടർന്നാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ മൂന്ന് ഡോസ് വാക്‌സിൻ നൽകുകയും, തലയിലെ മുറിവ് തുന്നിച്ചേർക്കുകയും ചെയ്തത്. എന്നാൽ ഇതിനിടയിൽ പേവിഷ ബാധ സ്ഥിരീകരിക്കപ്പെടുകയായിരുന്നു.
