You are currently viewing ഒമാനിൽ മിന്നൽ പ്രളയം; രണ്ട് മലയാളികൾ മരിച്ചു,  ഒരാളെ കാണാതായി

ഒമാനിൽ മിന്നൽ പ്രളയം; രണ്ട് മലയാളികൾ മരിച്ചു, ഒരാളെ കാണാതായി

പാലക്കാട്: ഒമാനിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ രണ്ട് മലയാളികൾ മരിക്കുകയും, ഒരാളെ കാണാതാവുകയും ചെയ്തുവെന്ന് റിപ്പോർട്ട്. നിരവധി മലയാളികൾ ആശങ്കയിൽ കഴിയുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്.

പാലക്കാട് തൃത്താല സ്വദേശികളായ തച്ചറത്തൊടിയിൽ യൂസഫ് (38), മാളിയേക്കൽ ഷംല (32) എന്നിവരാണ് മരണപ്പെട്ടത്. അപകടത്തിൽപ്പെട്ട യൂസഫിന്റെ മാതാവ് റംലയെ കാണാതായിരിക്കുകയാണ്. റംലയ്ക്കായി തിരച്ചിൽ തുടരുകയാണ്. ഒമാനിലെ ഇൻകാസ് നേതാവ് ലുബിഷാദിന്റെ ഭാര്യയാണ് മരിച്ച ഷംല.

പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി യൂസഫിന്റെയും ലുബിഷാദിന്റെയും കുടുംബങ്ങൾ ഒരുമിച്ച് യാത്ര ചെയ്യുന്നതിനിടെയാണ് ദുരന്തമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനം അപ്രതീക്ഷിതമായി ഉണ്ടായ മഴവെള്ളപ്പാച്ചിലിൽപ്പെട്ടതോടെ അപകടം സംഭവിക്കുകയായിരുന്നു.

വാഹനത്തിലുണ്ടായിരുന്ന ഒൻപത് പേരിൽ നാല് കുട്ടികൾ ഉൾപ്പെടെ ആറ് പേർ അത്ഭുതകരമായി രക്ഷപ്പെട്ടു. കാണാതായ റംലയെ കണ്ടെത്തുന്നതിനായി ഒമാൻ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ നേതൃത്വത്തിൽ തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.

സംഭവം മലയാളി സമൂഹത്തെ നടുക്കിയിരിക്കുകയാണ്.

Leave a Reply