മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ചൊവ്വാഴ്ച ഇസ്ലാമാബാദ് ഹൈക്കോടതിക്ക് പുറത്ത് പാകിസ്ഥാൻ റേഞ്ചേഴ്സ് അറസ്റ്റ് ചെയ്തു.
അൽ ഖാദിർ ട്രസ്റ്റ് കേസുമായി ബന്ധപ്പെട്ടാണ് പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) മേധാവിയെ കസ്റ്റഡിയിലെടുത്തത്.
അറസ്റ്റ് ചെയ്യുമ്പോൾ മുൻ പ്രധാനമന്ത്രി ജാമ്യം പുതുക്കാൻ കോടതിയിലായിരുന്നു.
വിവിധ കോടതികളിലായി 120ലധികം കേസുകളാണ് ഖാനെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇദ്ദേഹത്തേ ബുധനാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് പ്രതീക്ഷിക്കുന്നു.
സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് (ഐജിപി) ഡോ അക്ബർ നാസിർ ഖാൻ പാകിസ്ഥാൻ മാധ്യമങ്ങളോട് പറഞ്ഞു. അതിനിടെ, പിടിഐ മേധാവിയുടെ അറസ്റ്റിനിടെയുണ്ടായ സംഘർഷത്തിൽ ഇമ്രാൻ ഖാന്റെ അഭിഭാഷകന് പരിക്കേറ്റതായി അവകാശപ്പെടുന്ന ഫോട്ടോകൾ പിടിഐ പങ്കുവെച്ചു.
കോടതിയിൽ ബയോമെട്രിക് ചെയ്യുന്നതിനിടെയാണ് ഖാനെ പാകിസ്ഥാൻ റേഞ്ചേഴ്‌സ് പിടികൂടിയത്.
പിടിഐയുടെ പ്രതിഷേധം കണക്കിലെടുത്ത് ഇസ്ലാമാബാദ് ക്യാപിറ്റൽ ടെറിട്ടറിയിൽ സെക്ഷൻ 144 ഏർപ്പെടുത്തിയിട്ടുണ്ട്.
ഇസ്‌ലാമാബാദ് ഹൈക്കോടതിയിൽ തനിക്കെതിരായ രണ്ട് കേസുകൾക്കുള്ള ജാമ്യാപേക്ഷയിൽ ഹാജരാകാൻ ചൊവ്വാഴ്ച ഇസ്‌ലാമാബാദിലെത്തിയതായിരുന്നു ഇമ്രാൻ ഖാൻ.
എന്നിരുന്നാലും, ഇസ്ലാമാബാദിലേക്ക് വരുന്നതിന് മുമ്പ്, അറസ്റ്റിന് താൻ മാനസികമായി തയ്യാറായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു, തന്നെ രണ്ട് തവണ കൊല്ലാൻ ശ്രമിച്ച ഉന്നത ഐഎസ്ഐ ഓഫീസർ മേജർ ജനറൽ ഫൈസൽ നസീറിന് മാധ്യമപ്രവർത്തകൻ അർഷാദ് ഷെരീഫിൻ്റെ ക്രൂരമായ കൊലപാതകത്തിൽ പങ്കുണ്ടെന്ന നിലപാട് അദ്ദേഹം ആവർത്തിച്ചു.ലാഹോറിൽ ഒരു റാലിയെ അഭിസംബോധന ചെയ്യവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
“ഇന്റർ സർവീസസ് ഇന്റലിജൻസിന്റെ മേജർ ജനറൽ ഫൈസൽ നസീർ എന്നെ രണ്ടുതവണ കൊല്ലാൻ ശ്രമിച്ചു. അർഷാദ് ഷെരീഫിന്റെ കൊലപാതകത്തിലും അയാൾക്ക് പങ്കുണ്ട്. എന്റെ പാർട്ടി സെനറ്റർ അസം സ്വാതിയെ നഗ്നനാക്കി ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തു,” ഖാൻ പറഞ്ഞു.
സൈന്യത്തെ വിമർശിച്ചിരുന്ന അർഷാദ് ഷെരീഫ് കഴിഞ്ഞ ഒക്ടോബറിൽ കെനിയയിൽ വച്ച് കൊല്ലപ്പെട്ടിരുന്നു.
“ഇത് എന്റെ സൈന്യവും എന്റെ പാകിസ്ഥാനുമാണ്. എനിക്ക് കള്ളം പറയേണ്ടതില്ല. എനിക്കെതിരെ ഒരു കേസും ഇല്ല, അവർ എന്നെ ജയിലിൽ അടയ്ക്കാൻ ആഗ്രഹിക്കുന്നു, ഞാൻ അതിന് തയ്യാറാണ്,” അറസ്റ്റിന് മുമ്പ് മുൻ പ്രധാനമന്ത്രി പറഞ്ഞു.