പ്ലെയിൻസ് (ജോർജിയ): മുൻ അമേരിക്കൻ പ്രസിഡന്റ് ജിമ്മി കാർട്ടർ (100) കഴിഞ്ഞ രാത്രിയിൽ ജോർജിയിലെ പ്ലെയിൻസിൽ സ്വന്തം വീട്ടിൽ അന്തരിച്ചു. അമേരിക്കയുടെ 39-മത് പ്രസിഡൻറ് ആയിരുന്നു കാർട്ടർ, ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമുള്ള മുൻ അമേരിക്കൻ പ്രസിഡണ്ടായിരുന്നു. കാർട്ടർ ഇന്ത്യ സന്ദർശിച്ച മൂന്നാമത്തെ യു.എസ് പ്രസിഡന്റുമായിരുന്നു. കാർട്ടർ സെന്റർ ആറ്റ്ലാന്റയിൽ അദ്ദേഹത്തിന്റെ മരണം ഔദ്യോഗികമായി പ്രഖ്യാപിച്ചു.
അഗ്ഗ്രസീവ് മെലാനോമ എന്ന ത്വക്ക് ക്യാൻസറിന്റെ ചികിത്സയിൽ നിന്ന് അദ്ദേഹം പിന്മാറിയിരുന്നതിനെ തുടർന്ന് ഹോസ്പീസ് പരിചരണത്തിൽ ആയിരുന്നു. ഈ രോഗം അദ്ദേഹത്തിന്റെ ശരീരത്തിൻറെ ഇതര ഭാഗങ്ങളിൽ വ്യാപിച്ചിരുന്നു.
1977 മുതൽ 1981 വരെ ഒരുതവണ മാത്രം പ്രസിഡന്റായി സേവനമനുഷ്ഠിച്ച കാർട്ടർ ഡെമോക്രാറ്റിക് പാർട്ടിയിലെ അംഗമായിരുന്നു. പ്രസിഡന്റായ ശേഷവും അദ്ദേഹത്തിന്റെ ജീവിതം നിരവധി സാമൂഹികസേവനപ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയമായി. 2002-ൽ അദ്ദേഹത്തിന് നോബൽ സമാധാന പുരസ്കാരം ലഭിച്ചു.
പ്രമുഖ ലോക നേതാക്കളും സാമൂഹിക പ്രവർത്തകരും കാർട്ടറിന്റെ വേർപാടിൽ ദു:ഖം പ്രകടിപ്പിച്ചു. രാഷ്ട്രീയത്തിലുപരി, ദാരിദ്ര്യ നിർമാർജ്ജനത്തിനും മനുഷ്യാവകാശ സംരക്ഷണത്തിനും അദ്ദേഹം നൽകിയ സംഭാവനകൾ വിശേഷിപ്പിക്കപ്പെട്ടു.
