ജൂലൈ 19ന് കുവൈറ്റ് സിറ്റിയിലെ ഒരു അപ്പാർട്ട്‌മെൻ്റിൽ തീപിടിത്തമുണ്ടായതിനെ തുടർന്ന് റോയിട്ടേഴ്‌സ് ജീവനക്കാനും ഭാര്യയും അവരുടെ രണ്ട് മക്കളും മരിച്ചതായി അറബ് ടൈംസ് റിപോർട്ട് ചെയ്തു. ആലപ്പുഴ നീരേറ്റുപുറം സ്വദേശികളായ മാത്യൂസ് മുളക്കൽ, ഭാര്യ ലിനി എബ്രഹാം, അവരുടെ രണ്ടു മക്കൾ എന്നിവരാണ് മരിച്ചത്. എയർകണ്ടീഷണറിലുണ്ടായ ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് ശ്വാസം മുട്ടി മരിച്ചതാണെന്ന് സംശയിക്കുന്നു
ദുരന്തം സംഭവിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് കുടുംബം കേരളത്തിലെ അവധിക്കാലം കഴിഞ്ഞ് കുവൈറ്റിൽ മടങ്ങിയെത്തിയതാണ്. മാത്യൂസ് റോയിട്ടേഴ്സിലും ഭാര്യ ലിനി അദാൻ ഹോസ്പിറ്റലിൽ സ്റ്റാഫ് നഴ്സുമായിരുന്നു. ഇവരുടെ മക്കൾ കുവൈറ്റിലെ ഭവൻസ് സ്കൂളിൽ പഠിക്കുകയായിരുന്നു. മാത്യൂസ് കഴിഞ്ഞ 15 വർഷമായി കുവൈറ്റിൽ ജോലി ചെയ്തു വരികയായിരുന്നു.
കുവൈറ്റിലെ ഇന്ത്യൻ എംബസി അനുശോചനം രേഖപ്പെടുത്തുകയും നാല് ഇന്ത്യക്കാരുടെ ഭൗതികാവശിഷ്ടങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും പറഞ്ഞു. തൊഴിലാളികളുടെ താമസസ്ഥലത്ത് തീപിടിത്തം ഉണ്ടായി 45 ഇന്ത്യക്കാരുടെ ജീവൻ അപഹരിച്ച് ഒരു മാസത്തിന് ശേഷമാണ് ഈ സംഭവം.
അപ്പാർട്ട്മെൻ്റ് കെട്ടിടത്തിലുണ്ടായ തീപിടിത്തം ജനറൽ ഫയർഫോഴ്സ് നിയന്ത്രിച്ചു. തീപിടിത്തത്തിൻ്റെ കാരണം സംബന്ധിച്ച് അന്വേഷണം നടക്കുന്നു.