You are currently viewing മദീനയ്ക്ക് സമീപം വാഹനാപകടം: മലയാളി കുടുംബത്തിലെ നാലുപേർ മരിച്ചു

മദീനയ്ക്ക് സമീപം വാഹനാപകടം: മലയാളി കുടുംബത്തിലെ നാലുപേർ മരിച്ചു

മദീന: മദീനയ്ക്ക് സമീപം ഉണ്ടായ ഗുരുതര വാഹനാപകടത്തിൽ മലയാളി കുടുംബത്തിലെ നാലുപേർ മരിച്ചു. മലപ്പുറം മഞ്ചേരി വെള്ളില സ്വദേശികളായ നടുവത്ത് കളത്തിൽ അബ്ദുല്‍ ജലീല്‍ (52), ഭാര്യ തസ്ന തോടേങ്ങല്‍ (40), മകൻ നടുവത്ത് കളത്തിൽ ആദില്‍ (14), ജലീലിന്റെ മാതാവ് മൈമൂനത്ത് കാക്കേങ്ങല്‍ (73) എന്നിവരാണ് മരിച്ചത്.

മദീന സന്ദർശനത്തിനായി പോയ ഏഴംഗ കുടുംബം സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ജലീലിന്റെ മക്കളായ നൂറ, ആയിഷ, ഫാത്തിമ എന്നിവർ സാരമായ പരിക്കുകളോടെ മദീനയിലെ കിംഗ് ഫഹദ് ആശുപത്രിയിലും സൗദി ജർമൻ ആശുപത്രിയിലുമായി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ്.
ശനിയാഴ്ച വൈകുന്നേരം ജിദ്ദ–മദീന റോഡിലെ വാദി ഫറഹ എന്ന സ്ഥലത്താണ് അപകടം ഉണ്ടായത്. തീറ്റപ്പുല്ല് കയറ്റിവന്ന ലോറിയുമായി കുടുംബം സഞ്ചരിച്ച ജിഎംസി വാഹനം കൂട്ടിയിടിക്കുകയായിരുന്നു.

വാഹനത്തിൽ ഏഴ് പേരാണ് ഉണ്ടായിരുന്നത്.
വർഷങ്ങളായി ജിദ്ദയിൽ ജോലി ചെയ്യുന്ന അബ്ദുല്‍ ജലീലിന്റെ കുടുംബം സന്ദർശന വിസയിലാണ് സൗദി അറേബ്യയിലെത്തിയത്. മാതാവ് മൈമൂനത്ത് ഉംറ വിസയിലാണ് എത്തിയിരുന്നത്. കുടുംബം ആദ്യം മക്കയിലെത്തി ഉംറ നിർവഹിച്ച ശേഷം മദീനയിലേക്ക് യാത്ര തിരിച്ചതിനിടെയാണ് ദാരുണ അപകടം സംഭവിച്ചത്.

മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അപകടവുമായി ബന്ധപ്പെട്ട നടപടികൾ സൗദി അധികൃതർ തുടരുകയാണ്. സംഭവത്തിൽ പ്രവാസി സമൂഹത്തിലും നാട്ടിലും വലിയ ദുഃഖമാണ് അനുഭവപ്പെടുന്നത്.

Leave a Reply