
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയിലെ വൈദികനായ ഫാ. ജോസഫ് ഈറ്റോലിലിനെ വത്തിക്കാന്റെ മതാന്തര സംവാദത്തിനായുള്ള ഡിക്കാസ്റ്ററിയിൽ നിയമിച്ചു. ലോകമതങ്ങളുമായുള്ള ബന്ധവും സൗഹൃദവും വളർത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നതിനായി 1964ൽ സ്ഥാപിതമായ ഈ ഡിക്കാസ്റ്ററിയിൽ ഏഷ്യൻ മതങ്ങളായ ഹിന്ദുമതം, ബുദ്ധമതം എന്നിവയ്ക്കായുള്ള വിഭാഗത്തിലാണ് അദ്ദേഹത്തിന്റെ നിയമനം.

ചങ്ങനാശേരി സ്വദേശിയായ ഫാ. ജോസഫ് ഈറ്റോലിൽ സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളി ഇടവകാംഗമാണ്. ഇതരമത ദൈവശാസ്ത്രത്തിലും വിശ്വാസവും ശാസ്ത്രവും തമ്മിലുള്ള സംവാദത്തിലും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. നിലവിൽ റോമിലെ റെജീന അപ്പൊസ്തൊലൊരും യൂണിവേഴ്സിറ്റിയിൽ ക്രിസ്തുവിജ്ഞാനീയത്തിൽ ഗവേഷണം നടത്തിവരുന്നതിനിടെയാണ് ഈ അന്താരാഷ്ട്ര പ്രാധാന്യമുള്ള നിയമനം ലഭിച്ചത്.
മതാന്തര സൗഹൃദവും സഹവർത്തിത്വവും ശക്തിപ്പെടുത്തുന്നതിനുള്ള വത്തിക്കാന്റെ ദൗത്യത്തിൽ ഫാ. ജോസഫ് ഈറ്റോലിലിന്റെ നിയമനം കേരളസഭയ്ക്കും ചങ്ങനാശേരി അതിരൂപതയ്ക്കും അഭിമാനകരമായ നേട്ടമായി കണക്കാക്കപ്പെടുന്നു.