
തമിഴ്നാട്ടിലെ സ്കൂളുകളിൽ ഇനി മുതൽ പരമ്പരാഗത ബെഞ്ച്-ഡെസ്ക് ഇരിപ്പിടങ്ങൾ ഒഴിവാക്കുന്നു. വിദ്യാർത്ഥികൾക്ക് മുൻപും പിന്നിലും എന്ന വ്യത്യാസം ഇല്ലാതാക്കുന്നതിനായാണ് ഈ തീരുമാനം സ്കൂൾ വിദ്യാഭ്യാസ വകുപ്പ് എടുത്തത്. ഇനി മുതൽ ക്ലാസ് മുറികളിൽ അർദ്ധവൃത്താകൃതിയിലുള്ള ക്രമീകരണത്തിലായിരിക്കും ഇരിപ്പിടങ്ങൾ ഒരുക്കുക.
പുതിയ ക്രമീകരണത്തിലൂടെ എല്ലാ കുട്ടികൾക്കും അധ്യാപകരെ നേരിട്ട് കാണാനും, അധ്യാപകർക്ക് എല്ലാ വിദ്യാർത്ഥികളെയും ഒരുപോലെ കാണാനും സാധിക്കും. ഇതോടെ ‘ബാക്ക് ബെഞ്ചേഴ്‌സ്’ എന്ന പഴയ പദം ഇനി സ്കൂളുകളിൽ കേൾക്കാൻ കഴിയില്ല. വിദ്യാർത്ഥികൾക്ക് പഠനത്തിൽ കൂടുതൽ പങ്കാളിത്തം ഉറപ്പാക്കാനും, ക്ലാസ് മുറിയിലെ സമവായം വർദ്ധിപ്പിക്കാനും ഈ മാറ്റം സഹായിക്കും.
സ്കൂൾ വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഈ പുതിയ ക്രമീകരണം നടപ്പാക്കുന്നത്. സംസ്ഥാനത്തെ എല്ലാ സർക്കാർ, സർക്കാർ സഹായിത സ്കൂളുകളിലും ഈ സംവിധാനം ഉടൻ പ്രാബല്യത്തിൽ വരും.
