ജർമ്മൻ ഗവേഷകർ മോഷ്ടിച്ചെന്നാരോപിച്ചുള്ള ദിനോസർ ഫോസിൽ (അസ്ഥിപഞ്ജരം)ജർമ്മനി
ബ്രസീലിന് തിരികെ നൽകി.
ഏകദേശം 110 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് തെക്കേ അമേരിക്കയിൽ ജീവിച്ചിരുന്ന ഉഭിരാജരാ ജബാറ്റസ് (Ubirajara jubatus) എന്ന ചെറിയ ദിനോസറിന്റേതാണ് ഫോസിൽ. ദിനോസറിന് വിചിത്രമായ രൂപം ഉണ്ടായിരുന്നു. തൂവലുകളും അതിന്റെ തോളിൽ നിന്ന് നീണ്ടുനിൽക്കുന്ന കുന്തം പോലുള്ള ദണ്ഡ്കളും ഉണ്ടായിരുന്നു
ബ്രസീലിലെ വടക്കുകിഴക്കൻ സംസ്ഥാനമായ സിയാരയിൽ 1990-ൽ ഒരു സംഘം പാലിയന്റോളജിസ്റ്റുകളാണ് ഫോസിൽ ആദ്യം കണ്ടെത്തിയത്. ഇത് കൂടുതൽ പഠനത്തിനായി ജർമ്മനിയിലേക്ക് കൊണ്ടുപോയി, കാൾസ്റൂഹിലെ സ്റ്റേറ്റ് മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററിയിൽ സൂക്ഷിച്ചു. പീന്നീട് 2020ൽ ജർമ്മൻ ഗവേഷകർ, ഇത് ഒരു പുതിയ ഇനമാണെന്ന് വാദിച്ച് കൊണ്ട് ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിച്ചത്, ശരിയായ അനുമതിയില്ലാതെ രാജ്യത്ത് നിന്ന് ഫോസിൽ നീക്കം ചെയ്തുവെന്ന ബ്രസീലിയൻ ശാസ്ത്രജ്ഞരുടെ അവകാശവാദത്തിലേക്ക് നയിച്ചു.
നീണ്ട മൂന്ന് വർഷത്തെ നയതന്ത്ര തർക്കത്തിന് ശേഷം, ജർമ്മൻ വിദേശകാര്യ മന്ത്രി അന്നലീന ബെയർബോക്കിന്റെ നേതൃത്വത്തിലുള്ള ഒരു പ്രതിനിധി സംഘം ബ്രസീൽ സന്ദർശനത്തിനിടെ ബ്രസീലിന് ഫോസിൽ തിരികെ നൽകി. ബ്രസീൽ ശാസ്ത്ര സാങ്കേതിക മന്ത്രാലയം ഉബിരാജര ജുബാറ്റസ് ഫോസിലിന്റെ തിരിച്ചുവരവ് സ്ഥിരീകരിച്ചു, തെക്കേ അമേരിക്കയിൽ കണ്ടെത്തിയ ആദ്യത്തെ ഏവിയൻ ഇതര ദിനോസർ ഫോസിലായി ഇത് കണക്കാക്കപെടുന്നു.
ബ്രസീലിയൻ നിയമമനുസരിച്ച് രാജ്യത്തിന്റെ അതിർത്തിക്കുള്ളിൽ കണ്ടെത്തിയ ഫോസിലുകൾ സംസ്ഥാന സ്വത്തായി കണക്കാക്കപ്പെടുന്നു. രാജ്യങ്ങൾ തമ്മിലുള്ള തർക്കം വ്യാപകമായ ഓൺലൈൻ പ്രചാരണത്തിന് കാരണമായി, ശാസ്ത്രജ്ഞർ #UbirajarabelongstoBR എന്ന ഹാഷ്‌ടാഗ് ഉപയോഗിച്ച് ഫോസിലിന്റെ തിരിച്ചുവരവിന് വേണ്ടി വാദിച്ചു.
11.5 കിലോഗ്രാം തൂക്കമുള്ള ഫോസിൽ വിജയകരമായി സ്വദേശത്തേക്ക് തിരിച്ചു കൊണ്ടുവരാൻ കഴിഞ്ഞത് ബ്രസീലിയൻ ശാസ്ത്ര സമൂഹത്തിന്റെ നിരന്തര പരിശ്രമത്തിൻ്റെ ഫലമാണ്. ഫോസിൽ ഇനി സിയാറയിലെ ഒരു യൂണിവേഴ്സിറ്റി പാലിയന്റോളജി മ്യൂസിയത്തിൽ സൂക്ഷിക്കും, അവിടെ ദിനോസർ ഇനങ്ങളെക്കുറിച്ചുള്ള കൂടുതൽ ഗവേഷണത്തിനും പഠനത്തിനും ഇത് സഹായകരമാവും .