ഫെബ്രുവരി 5, 2025 – ഗൂഗിളിന്റെ മാതൃകമ്പനി ആൽഫബെറ്റ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ വൻ നിക്ഷേപം നടത്തുന്നു. 2025-ലെ മൂലധന ചെലവിനായി 75 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു. CEO സുന്ദർ പിച്ചൈ ആണ് ഈ പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ വർഷത്തെ 32.3 ബില്യൺ ഡോളറിനെ അപേക്ഷിച്ച് ഇത് കുതിച്ചുചാട്ടം തന്നെ.
നിക്ഷേപ തുക എവിടേക്ക് പോകും എന്നതിനെ കുറിച്ച് കമ്പനി വ്യക്തമാക്കിയിട്ടില്ലെങ്കിലും, എ ഐ ആകും ഇതിന്റെ പ്രധാന ഘടകം. ഈ വർഷം ഗൂഗിൾ ക്ലൗഡ് സേവനങ്ങൾക്ക് 10% വളർച്ച കൈവരിച്ചു, 12 ബില്യൺ ഡോളർ വരുമാനം നേടി, അതിലെ പ്രധാന പങ്ക് എഐ മേഖലയിൽ നടത്തിയ മുന്നേറ്റങ്ങൾക്കായിരുന്നു.
“എഐ നമ്മുടെ ഉല്പന്നങ്ങളും സേവനങ്ങളും മാറ്റിമറിക്കുന്നു,” പിച്ചൈ പറഞ്ഞു. 2025-ൽ കൂടുതൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.
ജെമിനി 2.0, ക്രോം ബ്രൗസറിനായുള്ള പ്രോജക്ട് മറൈനർ, ആൻഡ്രോയിഡ് എക്സ്ആർ ഒഎസ് തുടങ്ങി ഗൂഗിൾ ഇതിനകം തന്നെ പുതിയ എഐ ഉൽപ്പന്നങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. എഐ സഹായത്തോടെ പരസ്യങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങളും, ഗൂഗിൾ സേർച്ചിന് പുതിയ അനുഭവങ്ങളും വരുമെന്നാണ് സൂചന.
മൈക്രോസോഫ്റ്റ്, ആമസോൺ, ഓപ്പൺഎ ഐ എന്നിവയുമായി കടുത്ത മത്സരം നടക്കുമ്പോൾ ഗൂഗിൾ എഐ നിക്ഷേപം ഗണ്യമായി കൂട്ടിയിരിക്കുന്നു. 2025 എഐ-യുടെ ഭാവി നിർണയിക്കുന്ന വർഷമായിരിക്കും.