മത്സ്യബന്ധന മേഖലയെ ഉത്തേജിപ്പിക്കുന്നതിനും മത്സ്യത്തൊഴിലാളികളുടെ സുരക്ഷ വർധിപ്പിക്കുന്നതിനുമുള്ള സുപ്രധാന നീക്കത്തിൻ്റെ ഭാഗമായി ഒരു ലക്ഷം മത്സ്യബന്ധന ബോട്ടകളിൽ ട്രാൻസ്‌പോണ്ടറുകൾ സ്ഥാപിക്കാനുള്ള പദ്ധതി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനും വ്യവസായ സാധ്യതകൾ പ്രോത്സാഹിപ്പിക്കാനുമാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്.
ഫിഷറീസ് മേഖലയിൽ ബഹിരാകാശ സാങ്കേതികവിദ്യകളുടെ പ്രയോഗത്തെക്കുറിച്ചുള്ള ദേശീയ സെമിനാറിനെ അഭിസംബോധന ചെയ്ത് ഫിഷറീസ് മന്ത്രി രാജീവ് രഞ്ജൻ സിംഗ് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയിൽ മത്സ്യബന്ധനത്തിൻ്റെ നിർണായക പങ്കിനെ കുറിച്ച് സംസാരിച്ചു. ഫിഷറീസ് മാനേജ്മെൻ്റും വികസനവും മെച്ചപ്പെടുത്തുന്നതിൽ ബഹിരാകാശ സാങ്കേതികവിദ്യയുടെ സാധ്യതകൾ അദ്ദേഹം എടുത്തുപറഞ്ഞു.
ഇന്ത്യ പ്രതിവർഷം 60,000 കോടി രൂപയുടെ സമുദ്രോത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ടെന്നും മന്ത്രി വെളിപ്പെടുത്തി. മൂന്ന് കോടിയിലധികം ആളുകൾ മത്സ്യമേഖലയെ ആശ്രയിക്കുന്ന സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിർദ്ദിഷ്ട ട്രാൻസ്‌പോണ്ടറുകൾ മത്സ്യബന്ധന ബോട്ടകളുടെ സ്ഥാനം ട്രാക്കുചെയ്യുന്നതിന് സഹായിക്കുക മാത്രമല്ല, ഒരു ബോട്ട് സമുദ്രാതിർത്തി കടന്നാൽ മുന്നറിയിപ്പ് നൽകുകയും ചെയ്യും. ഈ സവിശേഷത മത്സ്യത്തൊഴിലാളികളുടെ സുരക്ഷ വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.