ശബരിമലയിലെ ദ്വാരപാലകശില്‍പങ്ങളുമായും സ്വർണപീഠവുമായും ബന്ധപ്പെട്ട വിവാദങ്ങൾ ലഘൂകരിക്കാൻ സർക്കാർ ശ്രമം നടത്തുന്നുവെന്ന് കെ സി വേണുഗോപാൽ എം പി പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട അദ്ദേഹത്തിൻറെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്
“കേരളത്തിന്റെ ചരിത്രത്തിലാദ്യമായി ദേവസ്വം ബോർഡിന്റെ വിശ്വാസ്യത തന്നെ നഷ്ടപ്പെടുത്തുന്ന വാർത്തകളും വെളിപ്പെടുത്തലുകളുമാണ് പുറത്തുവരുന്നത്. വിശ്വാസികൾ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് മുന്നിൽപ്പോലും മുഖം തിരിച്ചുനിൽക്കുകയാണ് സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും. ദുരൂഹവും അങ്ങേയറ്റം ഗുരുതരവുമാണ് ശബരിമലയിലെ ദ്വാരപാലകശില്‍പങ്ങളുമായും സ്വർണപീഠവുമായും ബന്ധപ്പെട്ട വിവാദങ്ങൾ. ഗുരുതര കുറ്റകൃത്യം ലളിതവത്കരിക്കാനുള്ള സർക്കാർ നീക്കം അംഗീകരിക്കാൻ കഴിയുന്നതല്ല.
സംസ്ഥാന സർക്കാരിനും ദേവസ്വം ബോർഡിനും ഇനിയും വ്യക്തത വരുത്താൻ കഴിയാത്ത കുറേയധികം ചോദ്യങ്ങൾ ഇപ്പോഴും ബാക്കിനിൽക്കുകയാണ്. അതിന് മറുപടി ലഭിക്കേണ്ടതുണ്ട്. പൊതുപ്രവർത്തകൻ എന്ന നിലയിലും ഭക്തൻ എന്ന നിലയിലും ഒരിക്കൽക്കൂടി അവ ആവർത്തിച്ച് ചോദിക്കുകയാണ്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും ഭക്തർക്ക് മറുപടി നൽകണം.
1) 2019ല്‍ ഉണ്ണികൃഷ്ണന്‍ പോറ്റി എന്ന വ്യക്തിയെ ദ്വാരപാലക ശില്‍പങ്ങളുടെ പുറംപാളിക്ക് സ്വര്‍ണംപൂശാന്‍ ഏല്‍പ്പിച്ചു. എന്ത് മാനദണ്ഡത്തിലാണ് പോറ്റിയെ ഏല്‍പ്പിച്ചത്? പോറ്റിയുടെ സാമ്പത്തിക പശ്ചാത്തലമടക്കം എന്തായിരുന്നു?
2) 1999ല്‍ വിജയ് മല്യ ശബരിമല ശ്രീകോവിലിന് സ്വര്‍ണം പൂശിയപ്പോള്‍ ദ്വാരപാലകന്‍മാര്‍ക്കും സ്വര്‍ണം പൂശി. പക്ഷേ, 2019ല്‍ അഴിച്ചെടുക്കുമ്പോള്‍ ചെമ്പുപാളി എന്നാണ് രേഖപ്പെടുത്തിയത്. 1999ല്‍ പൂശിയ സ്വര്‍ണം പൂര്‍ണമായും അലിഞ്ഞില്ലാതാകുമോ?
3) 1999ലെ സ്വര്‍ണം പൂശലിന്‍റെ രേഖകള്‍ നഷ്ടമായതെങ്ങനെ?
4) 2019 ജൂലൈ 20ന് സന്നിധാനത്തുനിന്ന് കൊണ്ടുപോയ പാളികള്‍ ഓഗസ്റ്റ് 29നാണ് സ്വര്‍ണം പൂശല്‍ നടത്തേണ്ട ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ എത്തിച്ചത്. ഒരു മാസവും 9 ദിവസവും ഇവ എവിടെയായിരുന്നു? പോറ്റി ഇവ വെച്ച് കാശുണ്ടാക്കിയോ? കമ്മീഷൻ ആര്‍ക്കെങ്കിലും കൊടുത്തോ?
5) സന്നിധാനത്തുനിന്ന് പുറപ്പെടുമ്പോള്‍ പാളികളുടെ ഭാരം 25.4 കിലോയും പീഠത്തിന്‍റെ ഭാരം 17.400 കിലോയും. ആകെ 42.8 കിലോ. ഓഗസ്റ്റ് 29ന് സ്മാര്‍ട് ക്രിയേഷന്‍സില്‍ തൂക്കുമ്പോള്‍ ഭാരം 38.258 കിലോ. സ്വര്‍ണം പൂശിയ ശേഷം 38.653 കിലോ. അതായത്, തൂക്കത്തില്‍ 4.147 കിലോ കുറഞ്ഞു. എങ്ങിനെ ?
6) ദേവസ്വം ബോർഡിന് ഇക്കാര്യത്തെക്കുറിച്ച് ധാരണയുണ്ടായിരുന്നോ?ഇല്ലെങ്കിൽ എന്തുകൊണ്ട്?
7) അറ്റകുറ്റപ്പണികള്‍ ക്ഷേത്രപരിസരത്ത് തന്നെ നടത്തണമെന്ന ദേവസ്വം മാനുവല്‍ മറികടക്കാന്‍ അനുമതി നല്‍കിയത് ആരാണ്?
8 ) കൊണ്ടുപോയ പാളി തന്നെയാണോ തിരിച്ചെത്തിച്ചത് ?അതോ യഥാർഥ പാളി, സ്പോൺസർ എന്നവകാശപ്പെടുന്ന ഉണ്ണികൃഷ്ണൻ പോറ്റി മാറ്റിയോ? മറിച്ചുവിറ്റോ?
9) ശബരിമലയില്‍ നിന്ന് കൊണ്ടുപോയ പാളിയാണോ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ എത്തിച്ചത് എന്നതില്‍ ഹൈക്കോടതിക്ക് സംശയമുണ്ട്. ദേവസ്വം ബോർഡിന് ഉറപ്പുണ്ടോ?
10) ഇക്കൊല്ലം വീണ്ടും അറ്റകുറ്റപ്പണിക്കെന്ന് പറഞ്ഞ് പോറ്റിക്ക് തന്നെ കൊടുത്തുവിട്ടത് എന്തിന്? സ്പെഷല്‍ കമ്മിഷണറെയോ ദേവസ്യം ബഞ്ചിനെയോ അതറിയിക്കാത്തത് എന്തുകൊണ്ടാണ്?
11) താന്‍ നല്‍കിയ സ്വര്‍ണം പൂശിയ പീഠങ്ങള്‍ കാണാനില്ലെന്ന കള്ളം പോറ്റി പറഞ്ഞത് എന്തിനുവേണ്ടിയാണ് ?
12) ഉണ്ണികൃഷ്ണനെ ന്യായീകരിച്ച് 2019 കാലത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പത്മകുമാര്‍ രംഗത്തെത്തിയത് എന്തിനുവേണ്ടി, ആർക്കുവേണ്ടി?
ചുരുക്കത്തിൽ ശബരിമല അയ്യപ്പനെ വിൽപ്പനച്ചരക്കാക്കിയോ എന്നതിൽ മുഖ്യമന്ത്രി മറുപടി പറഞ്ഞേ മതിയാകൂ. സർക്കാർ ഇപ്പോൾ നടത്തുന്ന ഈ കള്ളക്കളി പുറത്തുവരേണ്ടതുണ്ട്. വിശ്വാസത്തെയും വിശ്വാസികളെയും ഒറ്റുകൊടുക്കുകയും വഞ്ചിക്കുകയും ചെയ്യുന്നത് ഒരുകാരണവശാലും അംഗീകരിക്കാൻ കഴിയുന്നതല്ല. ഒരു ജുഡീഷ്യൽ അന്വേഷണത്തിൽക്കൂടി മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരികയുള്ളൂ. വിരമിച്ച ജഡ്ജിയെക്കൊണ്ട് അന്വേഷണം നടത്താനുള്ള ഹൈക്കോടതി വിധിയെ പൂർണമായും സ്വാഗതം ചെയ്യുന്നു. ആസൂത്രിതമായ ഒരു കുറ്റകൃത്യം പുറത്തുവരിക തന്നെ വേണം”
