You are currently viewing എയ്ഡഡ് സ്കൂൾ അധ്യാപകർക്ക് സ്ഥിര നിയമനം നൽകാൻ സർക്കാർ തീരുമാനം

എയ്ഡഡ് സ്കൂൾ അധ്യാപകർക്ക് സ്ഥിര നിയമനം നൽകാൻ സർക്കാർ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട നിയമക്കുരുക്കുകൾ കാരണം നിയമനാംഗീകാരം ലഭിക്കാതെ ജോലി ചെയ്തിരുന്ന അധ്യാപകർക്ക് സ്ഥിര നിയമനം നൽകാൻ സർക്കാർ തീരുമാനം കൈക്കൊണ്ടു. ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് ഉടൻ പുറപ്പെടുവിക്കുമെന്ന് അധികൃതർ അറിയിച്ചു.

ഭിന്നശേഷി നിയമനത്തിനായി നിശ്ചിത തസ്തികകൾ മാറ്റിവെച്ചിട്ടുള്ള മറ്റ് മാനേജ്‌മെന്റുകൾക്ക് കീഴിലുള്ള അധ്യാപകർക്കും നിലവിൽ താൽക്കാലികമായി ജോലി ചെയ്യുന്നവർക്കും സ്ഥിര നിയമനാംഗീകാരം നൽകാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഈ നടപടിയിലൂടെ സംസ്ഥാനത്തെ വിവിധ എയ്ഡഡ് സ്കൂളുകളിൽ സേവനമനുഷ്ഠിക്കുന്ന ഇരുപതിനായിരത്തോളം അധ്യാപകർക്ക് നിയമനാംഗീകാരവും നിയമന തീയതി മുതൽ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാകും.
നിയമനാംഗീകാരത്തിനായുള്ള പ്രൊപ്പോസലുകൾ രണ്ടാഴ്ചയ്ക്കകം പൂർത്തിയാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.

1996-ലെ ഭിന്നശേഷി നിയമപ്രകാരം നിശ്ചയിച്ച സംവരണം എയ്ഡഡ് സ്കൂളുകളിൽ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന കോടതി വ്യവഹാരങ്ങളാണ് അധ്യാപകരുടെ സേവനവും വേതന ആനുകൂല്യങ്ങളും സങ്കീർണ്ണമായി ബാധിച്ചിരുന്നത്.

അതേസമയം, സുപ്രീം കോടതിയിൽ സ്പെഷ്യൽ ലീവ് പെറ്റീഷൻ നൽകിയ 442 അധ്യാപകരുടെ കാര്യത്തിൽ കോടതി അന്തിമ വിധിക്ക് ശേഷമേ തുടർനടപടികൾ സ്വീകരിക്കൂവെന്നും സർക്കാർ അറിയിച്ചു.

Leave a Reply