
തിരുവനന്തപുരം: അതിജീവിതയ്ക്കു നീതി ലഭ്യമാക്കുന്നതിൽ സർക്കാർ ഉറച്ച നിലപാട് സ്വീകരിക്കുന്നുണ്ടെന്ന് നിയമകാര്യ മന്ത്രി പി. രാജീവ് വ്യക്തമാക്കി. അടൂർ പ്രകാശ് നടത്തിയ പ്രസ്താവന യുഡിഎഫിന്റെ ഔദ്യോഗിക നിലപാടാകാമെന്നാണ് തോന്നുന്നതെന്നും, എന്നാൽ അത് സർക്കാരിന്റെ സമീപനത്തോട് യോജിക്കുന്നില്ല എന്ന് മന്ത്രി പറഞ്ഞു.

“യുഡിഎഫ് അതിജീവിതയുടെ പക്ഷത്ത് നിൽക്കുന്നില്ലെന്ന് ഈ പ്രസ്താവന വ്യക്തമാക്കുന്നു. സർക്കാർ അതിജീവിതയ്ക്കൊപ്പം തന്നെയാണ്,” മന്ത്രി പറഞ്ഞു. കുറ്റം ചെയ്തവർക്ക് ശിക്ഷ ഉറപ്പ് വരുത്തണമെന്നതാണ് സർക്കാരിന്റെ സുപ്രധാന നിലപാട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേസിൽ കുറ്റം നടന്നത് തെളിഞ്ഞിട്ടുണ്ടെങ്കിലും, ഗൂഢാലോചന സംബന്ധിച്ച കൂടുതൽ സത്യാവസ്ഥ പുറത്തുകൊണ്ടുവരേണ്ടതുണ്ടെന്ന് സർക്കാർ വിലയിരുത്തിയതായി മന്ത്രി വ്യക്തമാക്കി. “ഗൂഢാലോചനയുണ്ടായോ എന്നു കണ്ടെത്താനാണ് സർക്കാർ അപ്പീൽ പോകുന്നത്,” അദ്ദേഹം പറഞ്ഞു.
അപ്പീൽ വേണ്ടെന്ന യുഡിഎഫ് കൺവീനറുടെ നിലപാട് സർക്കാർ പരിഗണിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. “സർക്കാരിന് വ്യക്തികൾ അല്ല പ്രധാനം; നീതി ഉറപ്പ് വരുത്തുകയാണ് ലക്ഷ്യം,” മന്ത്രി രാജീവ് പറഞ്ഞു.