കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ജീവപര്യന്തം ശിക്ഷ അനുഭവിച്ചുകൊണ്ടിരുന്ന ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവത്തിൽ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം സമഗ്രമായ അന്വേഷണത്തിന് ഉത്തരവായി. പോലീസിന്റെ അന്വേഷണത്തോടൊപ്പം ജയിൽ വകുപ്പ് തലത്തിൽ തൽസമയ പരിശോധനകൾ പുരോഗമിക്കുകയാണ്.
കൊടുംകുറ്റവാളിയായ ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് 2025 ജൂലൈ 25 നു പുലർച്ചെ 1 മണിക്കും 1:30 വരെ ഇടയിലായിരുന്നു ജയിൽ ചാടിയത്. ഇയാൾ സെൽ കമ്പികൾ മുറിച്ച്, വസ്ത്രങ്ങൾ ഉപയോഗിച്ച് മതിൽ ചാടിയാണ് രക്ഷപ്പെട്ടത്. ഗോവിന്ദച്ചാമി കറുത്ത പാന്റ്സും ഷർട്ടും ധരിച്ചുണ്ടായിരുന്നു. ഇയാളെ അതീവ സുരക്ഷാ ബ്ലോക്കിലാണ് താമസിപ്പിച്ചിരുന്നത്. ജയിൽ ചാടിയ വിവരം ജയിൽ അധികൃതർ അറിഞ്ഞത് 6 മണിക്കൂറോളം വൈകിയാണ്. ഏതാനും മണിക്കൂറുകൾക്കകം ഗോവിന്ദച്ചാമിയെ ആളൊഴിഞ്ഞ ഒരു വീട്ടിലെ കിണറ്റിൽ നിന്ന് പോലീസ് പിടിച്ചു കസ്റ്റഡിയിലെടുത്തു.
