ഏറ്റവും പുതിയ ഹാൻലി പാസ്‌പോർട്ട് സൂചിക അനുസരിച്ച്, ഇന്ത്യൻ പാസ്‌പോർട്ട് 85-ാം സ്ഥാനത്ത് നിന്ന് 80-ാം സ്ഥാനത്തേക്ക് ഉയർന്നു. ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് ഇന്തോനേഷ്യ, തായ്‌ലൻഡ് തുടങ്ങിയ ജനപ്രിയ ലക്ഷ്യസ്ഥാനങ്ങൾ ഉൾപ്പെടെ 57 രാജ്യങ്ങളിലേക്ക് വിസ രഹിത യാത്ര അനുവദിക്കുന്നുണ്ട്. കൂടാതെ, ചില രാജ്യങ്ങളിലേക്ക് ഇന്ത്യക്കാർക്ക് ഇപ്പോൾ വിസ ആ രാജ്യത്ത് പ്രവേശിക്കുമ്പോൾ ലഭിക്കും.
എന്നിരുന്നാലും, റഷ്യ, ജപ്പാൻ, ചൈന തുടങ്ങിയ രാജ്യങ്ങൾ ഉൾപ്പെടെ ലോകമെമ്പാടുമുള്ള 177 ലക്ഷ്യസ്ഥാനങ്ങളിലേക്ക് പ്രവേശിക്കാൻ ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് ഇപ്പോഴും വിസ ആവശ്യമാണെന്നത് ശ്രദ്ധിക്കേണ്ടതാണ്. അയൽ രാജ്യങ്ങളായ ഭൂട്ടാൻ, നേപ്പാൾ, മാലിദ്വീപ്, സെനഗൽ, സുരിനാം, മൗറീഷ്യസ് എന്നിവയ്ക്ക് ഇന്ത്യയുമായി വിസ രഹിത കരാറുകളുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം എടുത്തുകാണിച്ചു. കൂടാതെ, കംബോഡിയ, ഇന്തോനേഷ്യ, ലാവോസ്, മ്യാൻമർ, കെനിയ, നൈജീരിയ തുടങ്ങിയ രാജ്യങ്ങൾ ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് വിസ ഓൺ അറൈവൽ സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്നു.
2023-ലെ ഏറ്റവും പുതിയ ഹാൻലി പാസ്‌പോർട്ട് സൂചിക റിപ്പോർട്ട് 199 വ്യത്യസ്ത പാസ്‌പോർട്ടുകളും 227 യാത്രാ ലക്ഷ്യസ്ഥാനങ്ങളും ഉൾക്കൊള്ളുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ടായി സിംഗപ്പൂർ ജപ്പാനെ പിന്തള്ളി.ജപ്പാൻ ഇപ്പോൾ മൂന്നാം സ്ഥാനത്താണ്. അഞ്ച് വർഷത്തിനിടെ ആദ്യമായാണ് ജപ്പാന് ഒന്നാം റാങ്ക് നഷ്ടപെടുന്നത്.
ഒരു പതിറ്റാണ്ട് മുമ്പ് ഒന്നാം സ്ഥാനത്തായിരുന്ന അമേരിക്ക ഇപ്പോൾ എട്ടാം സ്ഥാനത്താണ്. അതുപോലെ, ബ്രെക്‌സിറ്റിന് പിന്നാലെ യുണൈറ്റഡ് കിംഗ്ഡം രണ്ട് സ്ഥാനങ്ങൾ ഉയർന്ന് നാലാം സ്ഥാനത്തെത്തി. മറുവശത്ത്, അഫ്ഗാനിസ്ഥാന് (103) യെമൻ (99), പാകിസ്ഥാൻ (100), സിറിയ (101), ഇറാഖ് (102) എന്നിവയാണ് അവസാന അഞ്ച് രാജ്യങ്ങൾ.
.