തിരുവനന്തപുരം: കേരളത്തിലെ പ്രമേഹ രോഗികളുടെ എണ്ണം പകുതിയായി കുറയ്ക്കാൻ കുറയ്ക്കാൻ വേണ്ടി ആരോഗ്യവകുപ്പ് പ്രവർത്തിച്ചുവരികയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇന്ത്യയുടെ “പ്രമേഹ തലസ്ഥാനം” എന്ന കേരളത്തിൻ്റെ ഖ്യാതി മാറ്റാൻ സുപ്രധാനമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അവർ പറഞ്ഞു. മൊത്തത്തിലുള്ള രോഗഭാരം കുറയ്ക്കുന്നതിനും പ്രമേഹം ഉൾപ്പെടെയുള്ള ജീവിതശൈലീ രോഗങ്ങൾ തടയുന്നതിനുമാണ് ശ്രമങ്ങൾ കേന്ദ്രീകരിച്ചിരിക്കുന്നത്.
കേരളത്തിൻ്റെ ഉയർന്ന ആയുർദൈർഘ്യം കണക്കിലെടുത്ത്, പൗരന്മാർക്ക് അവരുടെ ജീവിതകാലം മുഴുവൻ മെച്ചപ്പെട്ട ജീവിതനിലവാരം ഉറപ്പാക്കാനുള്ള സംരംഭങ്ങൾക്ക് സർക്കാർ മുൻഗണന നൽകുന്നു. തിരുവനന്തപുരത്ത് ആരോഗ്യവകുപ്പും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസും ചേർന്ന് ഓൺലൈനായി സംഘടിപ്പിച്ച ഇൻ്റർനാഷണൽ ഡയബറ്റിസ് കോൺക്ലേവ് ഉദ്ഘാടനം ചെയ്യവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. നിലവിലുള്ള വിവിധ ആരോഗ്യ സംരംഭങ്ങൾ കാര്യക്ഷമമാക്കാനും ഔപചാരികമാക്കാനുമാണ് കോൺക്ലേവ് ലക്ഷ്യമിടുന്നതെന്ന് അവർ എടുത്തുപറഞ്ഞു.
ജീവിതശൈലി രോഗ പ്രതിരോധത്തിൽ തന്ത്രപരമായ ശ്രദ്ധ
ജീവിതശൈലീ രോഗങ്ങൾ തടയുക എന്നത് സംസ്ഥാന സർക്കാരിൻ്റെ പ്രഥമ പരിഗണനകളിലൊന്നാണെന്നും മന്ത്രി പറഞ്ഞു. നവകേരളം കർമ്മപധതി 2 ൻ്റെ ഭാഗമായി, ആർദ്രം മിഷന്റെ 10 പ്രധാന ലക്ഷ്യങ്ങളിൽ ജീവിതശൈലി രോഗ പ്രതിരോധം ഒരു പ്രധാന മേഖലയാണ്.
ആർദ്രം ഹെൽത്ത് സംരംഭത്തിന് കീഴിൽ, 30 വയസ്സിന് മുകളിലുള്ള എല്ലാ വ്യക്തികളും ജീവിതശൈലി രോഗ സ്ക്രീനിംഗ് പ്രോഗ്രാമുകളിലൂടെ വാർഷിക ആരോഗ്യ പരിശോധനയ്ക്ക് വിധേയരാകാൻ പ്രോത്സാഹിപ്പിക്കുന്നു. പുതിയ കേസുകൾ കണ്ടെത്തുന്നതിനും ആവശ്യമായ മെഡിക്കൽ ഇടപെടൽ നൽകുന്നതിനും ലക്ഷ്യമിട്ടുള്ള രണ്ടാം ഘട്ട സ്ക്രീനിംഗ് നിലവിൽ പുരോഗമിക്കുകയാണ്, മന്ത്രി പറഞ്ഞു
