സുപ്രധാനവും നൂതനവുമായ ഒരു നീക്കത്തിൽ, കേന്ദ്ര ആരോഗ്യ മന്ത്രാലയം ഭവന, നഗരകാര്യ മന്ത്രാലയവുമായി സഹകരിച്ച് രാജ്യത്തുടനീളമുള്ള 100 ജില്ലകളിലായി 100 ഭക്ഷണ തെരുവുകൾ വികസിപ്പിക്കാൻ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും അഭ്യർത്ഥിച്ചു. ശുചിത്വവും സുരക്ഷിതവുമായ ഭക്ഷണരീതികൾ ഉറപ്പുവരുത്തുന്നതിനായി രാജ്യത്തുടനീളം വരുന്ന ഇത്തരം തെരുവുകൾക്ക് മാതൃക സൃഷ്ടിക്കുന്നതിനുള്ള ഒരു പൈലറ്റ് പ്രോജക്റ്റ് എന്ന നിലയിലാണ് ഈ സംരംഭം ഏറ്റെടുക്കുന്നത്. ഭക്ഷ്യവ്യാപാരികൾക്കും കമ്മ്യൂണിറ്റി അംഗങ്ങൾക്കും ഇടയിൽ സുരക്ഷിതവും ആരോഗ്യകരവുമായ ഭക്ഷണരീതികൾ പ്രോത്സാഹിപ്പിക്കുക, അങ്ങനെ ഭക്ഷ്യജന്യ രോഗങ്ങൾ കുറയ്ക്കുകയും മൊത്തത്തിലുള്ള സമൂഹത്തിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ കേന്ദ്ര ആരോഗ്യ സെക്രട്ടറി ശ്രീ രാജേഷ് ഭൂഷണും ഭവന, നഗരകാര്യ മന്ത്രാലയ സെക്രട്ടറി ശ്രീ മനോജ് ജോഷിയും പൗരന്മാരുടെ നല്ല ആരോഗ്യത്തിന് സുരക്ഷിതവും വൃത്തിയുള്ളതുമായ ഭക്ഷണം സുപ്രധാനമാണെന്ന് ചൂണ്ടിക്കാട്ടി. സുരക്ഷിതമായ ഭക്ഷണരീതികൾ “നല്ല ഭക്ഷണം കഴിക്കുക” എന്ന ലക്ഷ്യവും, ഭക്ഷ്യസുരക്ഷ എന്നിവ പ്രോത്സാഹിപ്പിക്കുക മാത്രമല്ല, പ്രാദേശിക ഭക്ഷ്യ ബിസിനസുകളുടെ ശുചിത്വ വിശ്വാസ്യത മെച്ചപ്പെടുത്തുകയും പ്രാദേശിക തൊഴിൽ, ടൂറിസം, സമ്പദ്‌വ്യവസ്ഥ എന്നിവ വർദ്ധിപ്പിക്കുകയും ചെയ്യും. ഇത് വൃത്തിയുള്ളതും ഹരിതവുമായ അന്തരീക്ഷത്തിലേക്കും നയിക്കുന്നു.
തെരുവ് ഭക്ഷണങ്ങൾ പരമ്പരാഗതമായി ഇന്ത്യൻ സമൂഹത്തിന്റെ അവിഭാജ്യ ഘടകമാണ്, അവ രാജ്യത്തുടനീളം ഉണ്ട്. അത് പാചകരീതിയുടെ സമ്പന്നമായ പ്രാദേശിക പാരമ്പര്യത്തെ പ്രതിനിധീകരിക്കുന്നു. തെരുവ് ഭക്ഷണങ്ങൾ ദശലക്ഷക്കണക്കിന് ആളുകൾക്ക് താങ്ങാവുന്ന വിലയിൽ ദൈനംദിന ഭക്ഷണം പ്രദാനം ചെയ്യുക മാത്രമല്ല, ധാരാളം ആളുകൾക്ക് നേരിട്ട് തൊഴിൽ നൽകുകയും ടൂറിസം വ്യവസായത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. തെരുവ് ഭക്ഷണശാലകളിലെയും കേന്ദ്രങ്ങളിലെയും ഭക്ഷ്യസുരക്ഷയും ശുചിത്വവും ആശങ്കാജനകമായ വിഷയമായി തുടരുന്നു. ദ്രുതഗതിയിലുള്ള നഗരവൽക്കരണത്തോടെ, ഈ ഹബ്ബുകൾ എളുപ്പത്തിൽ ഭക്ഷണം ലഭിക്കുന്ന സാഹചര്യത്തിലേക്ക് നയിച്ചപ്പോൾ, വൃത്തിഹീനവും സുരക്ഷിതമല്ലാത്തതുമായ ഭക്ഷണരീതികൾ കാരണം ഭക്ഷ്യ മലിനീകരണത്തിന്റെയും അനുബന്ധ ആരോഗ്യപ്രശ്‌നങ്ങളുടെയും ഗുരുതര സാഹചര്യം സൃഷ്ടിച്ചു.
ഭവന, നഗരകാര്യ മന്ത്രാലയവുമായി യോജിച്ച് ദേശീയ ആരോഗ്യ ദൗത്യം (എൻഎച്ച്എം) മുഖേനയും എഫ് എസ്എസ്എ ഐ (FSSAl ) യുടെ സാങ്കേതിക പിന്തുണയോടെയും ഈ അതുല്യമായ സംരംഭം നടപ്പിലാക്കും. സംസ്ഥാനങ്ങൾ/ കേന്ദ്ര ഭരണ പ്രദേശങ്ങൾക്കുള്ള സംരംഭത്തിനുള്ള സാമ്പത്തിക സഹായം ഓരോ ഫുഡ് സ്ട്രീറ്റിനും/ജില്ലകൾക്കും ഒരു കോടി രൂപ എന്ന നിലയിൽ നൽകും. രാജ്യത്തെ 100 ജില്ലകളിലായി ഇത്തരത്തിലുള്ള 100 ഭക്ഷണ തെരുവുകൾ തുറക്കും