2024 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബിനെ അതിജീവിച്ചവരുടെ സംഘടനയായ നിഹോൺ ഹിഡാൻക്യോയ്ക്ക് ലഭിച്ചു . ആണവായുധങ്ങളില്ലാത്ത ഒരു ലോകം കൈവരിക്കാനുള്ള അശ്രാന്ത പരിശ്രമത്തിനും ഇനിയൊരിക്കലും ആണവായുധങ്ങൾ ഉപയോഗിക്കരുതെന്ന് സാക്ഷി മൊഴികളിലൂടെ ലോകത്തിന് ബോധ്യപ്പെടുത്തിയതിനു ഹിബാകുഷ എന്നും അറിയപ്പെടുന്ന ഈ സംഘം അംഗീകരിക്കപ്പെട്ടു.
നോർവീജിയൻ നോബൽ കമ്മിറ്റി 2024 ഒക്ടോബർ 11 വെള്ളിയാഴ്ച ഓസ്ലോയിലെ നോർവീജിയൻ നോബൽ ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ച് വിജയികളെ പ്രഖ്യാപിച്ചു. ആണവായുധങ്ങളുടെ വിനാശകരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിലും ആണവ നിരായുധീകരണത്തിനുവേണ്ടി വാദിക്കുന്നതിലും ഹിബകുഷ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. അതിജീവനത്തിൻ്റെയും പ്രതിരോധത്തിൻ്റെയും അവരുടെ വ്യക്തിപരമായ കഥകൾ യുദ്ധത്തിലെ മനുഷ്യ ദുരിതത്തിൻ്റെ ശക്തമായ ഓർമ്മപ്പെടുത്തലായി വർത്തിച്ചു.