
സോജില പാസ് ശീതകാലത്തും തുറന്നുകിടന്നത് ലഡാക്കുമായുള്ള രാജ്യത്തിന്റെ ബന്ധം ഉറപ്പാക്കുന്ന ചരിത്രപരമായ നേട്ടമായി വിലയിരുത്തപ്പെടുന്നു. സാധാരണയായി കടുത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ശീതകാലത്ത് അടച്ചിടേണ്ടിവരുന്ന ഈ തന്ത്രപ്രധാന പാത ഈ വർഷം കൂടുതലായും പ്രവർത്തനക്ഷമമായി തുടരാനായത് ശ്രദ്ധേയമാണ്.

ഇതോടെ ലഡാക്ക്,കാർഗിൽ മേഖലയിലേക്കും വിശുദ്ധ റമദാൻ മാസത്തിൽ ആവശ്യമായ ഭക്ഷ്യവസ്തുക്കളും മറ്റ് അത്യാവശ്യ സാധനങ്ങളും തടസ്സമില്ലാതെ എത്തിക്കാനായി.
ഇത്രയും ദൈർഘ്യമേറിയ കാലം സോജില പാസ് പ്രവർത്തനക്ഷമമായി നിലനിര്‍ത്തിയത് വലിയ തന്ത്രപ്രധാനവും ലോജിസ്റ്റിക്‌സുമായ നേട്ടമാണെന്ന് ബിആർഒയുടെ കീഴിലുള്ള പ്രോജക്ട് വിജയക് ചീഫ് എഞ്ചിനീയറായ രാഹുൽ ഒബ്രോയ് പറഞ്ഞു.
ഒരു ദശാബ്ദം മുമ്പ് ശീതകാലത്ത് ഏകദേശം അഞ്ച് മാസം വരെ ഈ പാത അടച്ചിടേണ്ടി വന്നിരുന്നു. അതിനാൽ ലഡാക്ക് ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ നിന്ന് ദീർഘകാലം ഒറ്റപ്പെടുന്ന സാഹചര്യമുണ്ടായിരുന്നു. എന്നാൽ ആധുനിക സാങ്കേതിക വിദ്യയുടെ ഉപയോഗം, പുതിയ മഞ്ഞ് നീക്കംചെയ്യൽ യന്ത്രങ്ങൾ, മെച്ചപ്പെട്ട പ്രവർത്തന പദ്ധതികൾ എന്നിവയിലൂടെ ഇപ്പോൾ പാതയുടെ പ്രവർത്തനകാലം ദൈർഘ്യമാക്കാൻ സാധിച്ചതായി അദ്ദേഹം വ്യക്തമാക്കി.
കടുത്ത മഞ്ഞുവീഴ്ചയും ഹിമപാത ഭീഷണിയും നിലനിന്നിട്ടും ഈ ശീതകാലത്ത് വെറും നാല് ദിവസം മാത്രമാണ് പാത അടച്ചിടേണ്ടിവന്നതെന്നും അദ്ദേഹം പറഞ്ഞു.
തന്ത്രപ്രധാനമായി നോക്കുമ്പോൾ, ലഡാക്കിന് ഇന്ത്യയിലെ മറ്റ് ഭാഗങ്ങളുമായി ബന്ധപ്പെടാൻ പ്രധാനമായും രണ്ട് റോഡ് മാർഗങ്ങളാണ് ഉള്ളത് — ശ്രീനഗർ–കാർഗിൽ വഴി സോജില പാസ് കടന്നുപോകുന്ന പാതയും, മണാലി പാതയും. ഇവയിൽ കുറഞ്ഞത് ഒരു മാർഗമെങ്കിലും തുറന്നുകിടക്കുന്നത് സാധനങ്ങളുടെ വിതരണവും സൈനിക നീക്കങ്ങളും തടസ്സമില്ലാതെ നടത്താൻ നിർണായകമാണെന്ന് അധികൃതർ അറിയിച്ചു.