എച്ച് ഐ വി ബാധിതനായ വ്യക്തിയെ ശാസ്ത്രജ്ഞർ വിജയകരമായി സുഖപ്പെടുത്തി.
നാല് പതിറ്റാണ്ടിനിടെ മാരകമായ രോഗത്തിൽ നിന്ന് കരകയറിയ മൂന്നാമത്തെ വ്യക്തിയാണിദ്ദേഹം.
“ഡ്യൂസെൽഡോർഫ് പേഷ്യന്റ്” എന്ന രഹസ്യനാമമുള്ള മനുഷ്യൻ, സ്റ്റെം സെൽ ട്രാൻസ്പ്ലാൻറ് സ്വീകരിച്ചതിന് ശേഷം അദ്ദേഹത്തിൻ്റെ രോഗം ഭേദമായി. മുമ്പ് രക്താർബുദത്തിനും ഇതെ ചികിത്സ ഈ രോഗിക്ക് നടത്തിയിരുന്നു.
ഉയർന്ന അപകടസാധ്യതയുള്ള ഈ ചികിത്സയെ തുടർന്ന് മറ്റ് രണ്ട് രോഗികൾ സുഖം പ്രാപിച്ചിട്ടുണ്ട്.
രോഗിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, അദ്ദേഹത്തിന് 53 വയസ്സുണ്ടെന്നും 2008 ൽ എച്ച്ഐവി ബാധിതനായെന്നും പറയുന്നു . മൂന്ന് വർഷത്തിന് ശേഷം, അക്യൂട്ട് മൈലോയ്ഡ് ലുക്കീമിയ എന്ന രക്താർബുദവും ഇദ്ദേഹത്തെ ബാധിച്ചു.
2013-ൽ, ഡ്യൂസെൽഡോർഫ് രോഗിക്ക് CCR5 ജീനിൽ അപൂർവമായ മ്യൂട്ടേഷനുള്ള ഒരു സ്ത്രീ ദാതാവിൽ നിന്നുള്ള സ്റ്റെം സെല്ലുകൾ ഉപയോഗിച്ച് മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തി. ഈ ജീൻ മ്യൂട്ടേഷൻ കോശങ്ങളിലേക്ക് എച്ച്ഐവിയെ തടയുന്നതായി പിന്നീട് കണ്ടെത്തി.
ഈ ചികിത്സയിൽ നടത്തുന്ന മജ്ജ മാറ്റിവയ്ക്കൽ കഠിനവും അപകടകരവുമായ പ്രക്രിയയാണ്. അതിനാൽ, ചില പ്രത്യേക കേസുകൾക്കോ എച്ച്ഐവി, ബ്ലഡ് ക്യാൻസർ എന്നിവയാൽ ബുദ്ധിമുട്ടുന്ന ഒരു ചെറിയ വിഭാഗം രോഗികൾക്കോ മാത്രമേ ഇത് അനുയോജ്യമാകൂ. ഈ ചികിത്സയിലെ മറ്റൊരു വെല്ലുവിളി അപൂർവ ജീൻ മ്യൂട്ടേഷൻ ഉള്ള ഒരു മജ്ജ ദാതാവിനെ കണ്ടെത്തുക എന്നതാണ്.
ഏറ്റവും പുതിയ വിജയഗാഥയായ ഡ്യൂസൽഡോർഫ് രോഗിയുടെ വിശദാംശങ്ങൾ നേച്ചർ മെഡിസിൻ ജേണലിൽ വെളിപ്പെടുത്തിയിട്ടുണ്ട്.