റയൽ മാഡ്രിഡിൻ്റെ ബ്രസീലിയൻ സെൻസേഷനായ വിനീഷ്യസ് ജൂനിയറിന് വമ്പൻ വാഗ്ദാനവുമായി സൗദി അറേബ്യ. സൗദി പ്രോ ലീഗ് യുവതാരത്തിന് 1 ബില്യൺ യൂറോയുടെ പ്രതിഫലം വാഗ്ദാനം ചെയ്യാൻ തയ്യാറാണ്, ഇത് അദ്ദേഹത്തിൻ്റെ നിലവിലെ വരുമാനത്തിൻ്റെ 13 മടങ്ങ് വരും. ട്രാൻസ്ഫർ ചർച്ചയ്ക്കായി 24 കാരനായ വിനീഷ്യസിനെ സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെൻ്റ് ഫണ്ട് (പിഐഎഫ്) ഉദ്യോഗസ്ഥർ സമീപിച്ചതായി അറിയുന്നു
പാക്കേജിൻ്റെ വ്യാപ്തി സാമ്പത്തിക ആനുകൂല്യങ്ങൾക്കപ്പുറമാണ്. 2029-ൽ ഒരു സൗജന്യ റിലീസും ഓഫറിൽ ഉൾപ്പെടുന്നു, ഇതിനാൽ 30 വയസ്സ് തികയുന്നതിന് മുമ്പ് വിനീഷ്യസിന് യൂറോപ്യൻ ഫുട്ബോളിലേക്ക് മടങ്ങാം. കൂടാതെ റിട്ടയർമെൻ്റിന് ശേഷം സൗദി ഫുട്ബോൾ രംഗത്ത് ഇഷ്ടമുള്ള ജോലിയും നല്കും.ഇതൊന്നും കൂടാതെ 2034-ലെ ലോകകപ്പിൽ രാജ്യത്തിൻ്റെ അംബാസഡറിയൽ റോളും ബ്രസീൽ താരത്തിനു വാഗ്ദാനം ചെയ്തിട്ടുണ്ട്.
ആഗോള തലത്തിലുള്ള പ്രതിഭകളെ ആഭ്യന്തര ലീഗിലേക്ക് ആകർഷിക്കാനുള്ള സൗദി അറേബ്യയുടെ ഏറ്റവും പുതിയ ശ്രമമാണിതെന്ന് ഫുട്ബോൾ നിരീക്ഷകർ കരുതുന്നു. എന്നാൽ വിനീഷ്യസ് നീക്കം നിരസിച്ചിട്ടില്ല, കൂടാതെ റയൽ മാഡ്രിഡിനെ സമീപിക്കാൻ പിഐഎഫിന് അനുമതി നൽകിയതായും റിപ്പോർട്ടുണ്ട്