കാഠ്മണ്ഡു: ലോകത്തിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ മൗണ്ട് എവറസ്റ്റ് കയറാനുള്ള പർമിറ്റ് ഫീസ് വർധിപ്പിക്കാൻ നേപ്പാൾ സർക്കാർ തീരുമാനിച്ചു. നിലവിലെ 11,000 യുഎസ് ഡോളറിൽ നിന്നു 15,000 യുഎസ് ഡോളറായി മാറ്റിയ പുതിയ നിരക്ക് ഈ വർഷം സെപ്റ്റംബർ 1 മുതൽ പ്രാബല്യത്തിൽ വരും.
2015-ന് ശേഷമാണ് പർമിറ്റ് ഫീസ് പുതുക്കുന്നത്. പുതുക്കിയ നിയമ പ്രകാരം, എവറസ്റ്റ് ഉൾപ്പെടെ 8,000 മീറ്റർ ഉയരമുള്ള ഏതു മലയും കയറുന്നതിനായി ഓരോ രണ്ടു പർവ്വതാരോഹകരും നിർബന്ധമായും ഒരു ഗൈഡിനെ നിയമിക്കണം.
വസന്തകാലത്ത് (മാർച്ച്-മേയ്) എവറസ്റ്റ് കയറുന്ന വിദേശീയർക്കുള്ള റോയൽറ്റി ഫീസ് നിലവിലെ 11,000 യുഎസ് ഡോളറിൽ നിന്ന് 15,000 യുഎസ് ഡോളറായി ഉയർത്തിയിട്ടുണ്ട്. ശരത്കാലത്ത് (സെപ്റ്റംബർ-നവംബർ) പർമിറ്റ് ഫീസ് 5,500 യുഎസ് ഡോളറിൽ നിന്ന് 7,500 യുഎസ് ഡോളറായി ഉയരും. അതേ സമയം, ശൈത്യകാലം (ഡിസംബർ-ഫെബ്രുവരി) കൂടാതെ മഴക്കാലം (ജൂൺ-ഓഗസ്റ്റ്) എന്നീ സീസണുകളിലെ ഫീസ് 2,750 യുഎസ് ഡോളറിൽ നിന്ന് 3,750 യുഎസ് ഡോളറായും വർധിപ്പിച്ചിട്ടുണ്ട്.
തിരക്ക് കുറഞ്ഞ സെപ്റ്റംബർ-നവംബർ സീസണിലും അപൂർവമായി അരങ്ങേറുന്ന ഡിസംബർ-ഫെബ്രുവരി സീസണിലും ഫീസ് 36% വർധിപ്പിച്ച് യഥാക്രമം 7,500 ഡോളറും 3,750 ഡോളറുമാക്കിയിട്ടുണ്ട്.
പ്രതിവർഷം നൂറുകണക്കിന് പർവ്വതാരോഹകർ എവറസ്റ്റ് ഉൾപ്പെടെയുള്ള ഹിമാലയൻ ശൃംഖലകളിലെ കൊടുമുടികൾ കയറാൻ ശ്രമിക്കുന്നു. വർഷംതോറും ഏകദേശം 300 എവറസ്റ്റ് പർമിറ്റുകൾ നല്കാറുണ്ട്. ഇത് പ്രദേശത്ത് പരിസ്ഥിതി മലീകരണ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു
8,000 മീറ്ററിനു മുകളിലുള്ള കൊടുമുടികൾ കയറുന്നവർക്ക് ബയോഡഗ്രേഡബിൾ മാലിന്യ ബാഗുകൾ ഉപയോഗിക്കുന്നതും നിർബന്ധമാക്കിയിട്ടുണ്ട്. മലിനീകരണ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള നീക്കങ്ങളുടെ ഭാഗമായാണ് ഈ തീരുമാനം.