
ഹൈദരാബാദ്: ഇന്ത്യയിലെ പ്രമുഖ വാക്‌സിൻ നിർമ്മാതാക്കളിലൊന്നായ ഇന്ത്യൻ ഇമ്യൂണോളജിക്കൽസ് ലിമിറ്റഡ് (ഐഐഎൽ), തങ്ങളുടെ ആന്റി റേബീസ് വാക്‌സിനായ ‘അഭയറാബ്’ ഇന്ത്യയിൽ വ്യാജമായി പ്രചരിക്കുന്നുവെന്ന ഓസ്ട്രേലിയൻ ആരോഗ്യ അധികാരികളുടെ ആരോപണം ശക്തമായി നിഷേധിച്ചു.
ഓസ്ട്രേലിയൻ ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ്പ് 2023 നവംബറിൽ മുതൽ വ്യാജ വാക്‌സിൻ ബാച്ചുകൾ പ്രചരിക്കുന്നുവെന്ന മുന്നറിയിപ്പ് പുറപ്പെടുവിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഐഐഎൽ വിശദീകരണവുമായി രംഗത്തെത്തിയത്. ഈ മുന്നറിയിപ്പ് നിലവിലെ ഇന്ത്യൻ സാഹചര്യങ്ങളെ പ്രതിഫലിപ്പിക്കുന്നതല്ലെന്ന് കമ്പനി വ്യക്തമാക്കി.

ആരോഗ്യ പ്രവർത്തകരെയും പൊതുജനങ്ങളെയും അഭിസംബോധന ചെയ്തു കൊണ്ട്, രാജ്യത്ത് നിർമ്മിക്കുന്ന എല്ലാ വാക്‌സിൻ ബാച്ചുകളും വിപണിയിലേക്കോ കുത്തിവയ്‌പിനോ അനുവദിക്കുന്നതിന് മുമ്പ് സെൻട്രൽ ഡ്രഗ്സ് ലബോറട്ടറിയുടെ കർശന പരിശോധനയ്ക്കും അംഗീകാരത്തിനും വിധേയമാക്കുന്നുണ്ടെന്ന് ഐഐഎൽ വ്യക്തമാക്കി.
ഗുണനിലവാരം, സുരക്ഷ, നിയമാനുസൃതത എന്നിവയിൽ പരമാവധി മാനദണ്ഡങ്ങൾ പാലിക്കാനുള്ള പ്രതിബദ്ധത ആവർത്തിച്ച ഐഐഎൽ, സ്ഥിരീകരിക്കാത്ത ആരോപണങ്ങളാൽ തെറ്റിദ്ധരിപ്പിക്കപ്പെടരുതെന്ന് എല്ലാ ബന്ധപ്പെട്ടവരോടും അഭ്യർത്ഥിച്ചു. വാക്‌സിൻ വിതരണ ശൃംഖലയുടെ വിശ്വാസ്യത ഉറപ്പാക്കുന്നതിനായി ഇന്ത്യൻ നിയന്ത്രണ അധികാരികളുമായി സഹകരണം തുടരുകയാണെന്നും കമ്പനി അറിയിച്ചു.