കൊല്ലം റെയിൽവേ മെയിൽ സർവീസിൽ (ആർഎംഎസ്) ഇൻട്രാ സർക്കിൾ ഹബ് (ഐസിഎച്ച്) നാളെ മുതൽ പ്രവർത്തനം ആരംഭിക്കുന്നതോടെ കൊല്ലത്തെ സ്പീഡ് പോസ്റ്റ് സേവനം വേഗത്തിലും കാര്യക്ഷമമായും മാറും. തിരുവനന്തപുരം ഹബ്ബ് വഴി സ്പീഡ് പോസ്റ്റ് ഇനങ്ങളെ റൂട്ട് ചെയ്യുന്നതിനുപകരം, ഡെലിവറി സമയം കുറച്ചു കൊണ്ട്, പാഴ്സലുകൾ ഇപ്പോൾ ജില്ലാ പോസ്റ്റ് ഓഫീസുകളിൽ നിന്ന് നേരിട്ട് മറ്റ് ജില്ലകളിലേക്ക് അയയ്ക്കും.
കൊല്ലത്ത് നിന്ന് അയക്കുന്ന സ്പീഡ് പോസ്റ്റ് പാഴ്സലുകൾ അടുത്ത ദിവസം തന്നെ വടക്കൻ കേരളത്തിലെ ജില്ലകളിലേക്ക് എത്തുമെന്നതാണ് ഈ പ്രത്യേകത. മലബാർ പ്രദേശങ്ങളിലേക്കുള്ള ട്രെയിനുകൾ ഇതി നായി ഉപയോഗിക്കുന്ന സന്ദർഭങ്ങളിൽ, വടക്കൻ ജില്ലകളിൽ പോലും ഈ പാഴ്‌സലുകൾ അടുത്ത ദിവസം ലഭിക്കും.
ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കുമുള്ള സ്‌പീഡ് പോസ്റ്റ് പാഴ്‌സലുകൾക്ക് വ്യോമഗതാഗത സൗകര്യം കണക്കിലെടുത്ത്, അവ തിരുവനന്തപുരം ഹബ്ബിലൂടെയായിരിക്കും തുടർന്നും അയക്കുക
കൊല്ലം റെയിൽവേ സ്റ്റേഷൻ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മാതൃകയിൽ നവീകരിക്കുന്നതിനായി ആദ്യം പൊളിച്ച ആർഎംഎസ് കെട്ടിടം ഇപ്പോൾ പഴയ പാഴ്സൽ ഓഫീസിൽ നിന്നാണ് പ്രവർത്തിക്കുന്നത്. പുതിയ റെയിൽവേ കോംപ്ലക്‌സിനുള്ളിൽ ആർഎംഎസ് ഓഫീസിനായി പ്രത്യേക സ്ഥലം നീക്കിവച്ചിട്ടുണ്ട്.ഐസിഎച്ച് നിലവിൽ വരുന്നതോടെ പത്തോളം ജീവനക്കാരെ അധികമായി നിയമിക്കും.
റെയിൽവേ സ്റ്റേഷനിലെ ആർഎംഎസ് ഓഫീസ് 24 മണിക്കൂറും പ്രവർത്തിക്കും.ഞായറാഴ്ചകൾ ഉൾപ്പെടെ ഏത് സമയത്തും രജിസ്റ്റർ , സ്പീഡ് പോസ്റ്റ് പാഴ്സലുകൾ ബുക്ക് ചെയ്യാൻ ഉപഭോക്താക്കളെ അനുവദിക്കും