You are currently viewing ഇന്ത്യ–ഇയു സ്വതന്ത്ര വ്യാപാര കരാർ: സാമ്പത്തിക ബന്ധങ്ങളിൽ പുതിയ അധ്യായം

ഇന്ത്യ–ഇയു സ്വതന്ത്ര വ്യാപാര കരാർ: സാമ്പത്തിക ബന്ധങ്ങളിൽ പുതിയ അധ്യായം

ന്യൂഡൽഹി: ഇന്ത്യയും യൂറോപ്യൻ യൂണിയനും (ഇയു) തമ്മിലുള്ള ഏറെനാളായി കാത്തിരുന്ന സ്വതന്ത്ര വ്യാപാര കരാർ (എഫ്ടിഎ) ചൊവ്വാഴ്ച ഔദ്യോഗികമായി പ്രഖ്യാപിച്ചു. 16-ാമത് ഇന്ത്യ–ഇയു ഉച്ചകോടിക്കിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉഴ്‌സുല വോൺ ഡെർ ലെയനും ചേർന്നാണ് പ്രഖ്യാപനം നടത്തിയത്.
ലോകത്തിലെ നാലാമത്തെ വലിയ സാമ്പത്തിക ശക്തിയായ ഇന്ത്യയും രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായ യൂറോപ്യൻ യൂണിയനും ഒന്നിക്കുന്ന ഈ കരാർ ആഗോള ജിഡിപിയുടെ ഏകദേശം 25 ശതമാനവും ലോകവ്യാപാരത്തിന്റെ മൂന്നിലൊന്നിനടുത്തും പ്രതിനിധീകരിക്കുന്നു.

സമഗ്രവും ശക്തമായ വ്യാപാര ബന്ധങ്ങളുടെ വളർച്ചയ്ക്ക് അടിത്തറയിടുന്നതിനൊപ്പം ആഗോള വിതരണ ശൃംഖലകൾ ശക്തിപ്പെടുത്തുന്നതാണ് എഫ്ടിഎയെന്ന് വാണിജ്യ-വ്യവസായ മന്ത്രാലയം അറിയിച്ചു.
കരാറിന്റെ പ്രധാന സവിശേഷത ഇന്ത്യൻ കയറ്റുമതിക്കാർക്ക് ലഭിക്കുന്ന വിപുലമായ വിപണി പ്രവേശനമാണ്. മൂല്യപരമായി 99 ശതമാനത്തിലധികം ഇന്ത്യൻ കയറ്റുമതികൾക്ക് ഇയു വിപണിയിൽ മുൻഗണനാ പ്രവേശനം ലഭിക്കും. വസ്ത്ര-വസ്ത്രോൽപ്പന്നങ്ങൾ, ലെതർ, ചെരിപ്പുകൾ, സമുദ്രോൽപ്പന്നങ്ങൾ, രത്ന-ആഭരണങ്ങൾ, ഹസ്തകലകൾ, എഞ്ചിനീയറിങ് ഉൽപ്പന്നങ്ങൾ, വാഹനങ്ങൾ തുടങ്ങിയ തൊഴിൽസാന്ദ്ര മേഖലകളിൽ ഇതു കയറ്റുമതി മത്സരക്ഷമത ഗണ്യമായി ഉയർത്തുമെന്നാണ് പ്രതീക്ഷ. ഏകദേശം 75 ബില്യൺ ഡോളർ മൂല്യമുള്ള കയറ്റുമതികൾക്ക് വേഗം വർധിക്കുമെന്നാണ് ഔദ്യോഗിക കണക്കുകൾ.

വാഹനമേഖലയിലെ ലിബറലൈസേഷൻ ക്വോട്ടാ അടിസ്ഥാനത്തിലുള്ള നിയന്ത്രിത രീതിയിലൂടെയാണ് നടപ്പാക്കുക. അതേസമയം കൃഷി, ഡയറി തുടങ്ങിയ മേഖലകൾ സംരക്ഷിച്ചിട്ടുണ്ട്. ചായ, കാപ്പി, മസാലകൾ, പഴങ്ങൾ, പച്ചക്കറികൾ, പ്രോസസ്ഡ് ഭക്ഷ്യവസ്തുക്കൾ തുടങ്ങിയ കൃഷി-ഭക്ഷ്യ ഉൽപ്പന്നങ്ങൾക്ക് അനുകൂല വിപണി പ്രവേശനം ഉറപ്പാക്കിയതിലൂടെ ഗ്രാമീണ ഉപജീവനമാർഗങ്ങൾക്കും പിന്തുണ ലഭിക്കും.

സേവനമേഖലയും പ്രൊഫഷണൽ മൊബിലിറ്റിയും കരാറിലെ പ്രധാന ഘടകങ്ങളാണ്. ഐടി, പ്രൊഫഷണൽ സേവനങ്ങൾ, വിദ്യാഭ്യാസം, ധനകാര്യ സേവനങ്ങൾ, ടൂറിസം, നിർമാണം തുടങ്ങിയ 144 ഇയു സേവന ഉപമേഖലകളിലേക്ക് ഇന്ത്യക്ക് പ്രവേശനം ലഭിക്കും. താൽക്കാലിക തൊഴിൽസഞ്ചാരം, വിദ്യാർത്ഥി മൊബിലിറ്റി, പഠനാനന്തര അവസരങ്ങൾ എന്നിവയ്ക്കും വ്യവസ്ഥകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

ടാരിഫ് കുറവുകൾക്കപ്പുറം, ടാരിഫേതര തടസ്സങ്ങൾ പരിഹരിക്കൽ, നിയന്ത്രണ സഹകരണം, കസ്റ്റംസ് നടപടികൾ ലളിതമാക്കുക, കാലാവസ്ഥാ നടപടികൾ എന്നിവയും കരാർ ഉൾക്കൊള്ളുന്നു. ഇയുവിന്റെ കാർബൺ ബോർഡർ അഡ്ജസ്റ്റ്‌മെന്റ് മെക്കാനിസവുമായി (CBAM) ബന്ധപ്പെട്ട് സൗകര്യങ്ങളും സാങ്കേതിക സഹകരണവും ഉറപ്പാക്കിയിട്ടുണ്ട്. കൃത്രിമ ബുദ്ധി, ശുദ്ധ സാങ്കേതികവിദ്യകൾ, സെമികണ്ടക്ടറുകൾ തുടങ്ങിയ നവീന മേഖലകളിലും സഹകരണം ലക്ഷ്യമിടുന്നു.

ഇന്ത്യയുടെ ആഗോള സാമ്പത്തിക ഇടപെടലുകളിൽ നിർണായക നേട്ടമാണിതെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. കയറ്റുമതി വർധിപ്പിക്കുകയും ‘മേക് ഇൻ ഇന്ത്യ’ പദ്ധതിക്ക് ഊർജം നൽകുകയും ഇന്ത്യൻ വ്യവസായങ്ങളെ ആഗോള മൂല്യശൃംഖലകളുമായി കൂടുതൽ ഏകീകരിക്കുകയും ചെയ്യുന്ന തന്ത്രപരമായ സമഗ്ര പങ്കാളിത്തമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

2024–25ൽ ഇന്ത്യ–ഇയു ചരക്കുവ്യാപാരം 136.5 ബില്യൺ ഡോളറും സേവനവ്യാപാരം 83.1 ബില്യൺ ഡോളറുമായിരുന്നു. ഇന്ത്യയുടെ 22-ാമത്തെ സ്വതന്ത്ര വ്യാപാര കരാറായ ഇന്ത്യ–ഇയു എഫ്ടിഎ ‘വികസിത് ഭാരത് 2047’ എന്ന ദർശനത്തിന് അനുയോജ്യമായി ഇന്ത്യയുടെ ആഗോള വ്യാപാരബന്ധങ്ങളിൽ പുതിയ അധ്യായം തുറക്കുന്നതായി സർക്കാർ വ്യക്തമാക്കി.

Leave a Reply