വരും വർഷങ്ങളിൽ മത്സ്യ കയറ്റുമതി 1.20 ലക്ഷം കോടി രൂപയായി ഉയർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീര വകുപ്പ് മന്ത്രി ലാലൻ സിംഗ് എന്നറിയപ്പെടുന്ന രാജീവ് രഞ്ജൻ സിംഗ് പ്രഖ്യാപിച്ചു. നിലവിൽ, 60,000 കോടിയിലധികം മൂല്യമുള്ള മത്സ്യം ഇന്ത്യ കയറ്റുമതി ചെയ്യുന്നു, ഇത് 2014 മുതൽ ഇരട്ടിയായതായി പട്‌നയിൽ നടന്ന ഒരു ചടങ്ങിൽ ശ്രീ സിംഗ് വെളിപ്പെടുത്തി.
ഫിഷറീസ് മേഖലയിൽ ഡ്രോൺ സാങ്കേതികവിദ്യയുടെ ഉപയോഗത്തെ കേന്ദ്രീകരിച്ച് നടന്ന ചടങ്ങിൽ മന്ത്രി ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മത്സ്യ ഉൽപ്പാദന രാജ്യമെന്ന ഇന്ത്യയുടെ സ്ഥാനം ഉയർത്തിക്കാട്ടി. ഒരു ദശാബ്ദം മുമ്പ് 90 ലക്ഷം മെട്രിക് ടൺ ആയിരുന്ന മത്സ്യോൽപ്പാദനം ഇന്ന് 175 ലക്ഷം മെട്രിക് ടണ്ണായി ഉയർന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രമഫലമായാണ് എന്ന് അദ്ദേഹം പറഞ്ഞു.
ഡ്രോണുകളുടെ ഉപയോഗം ഉൾപ്പെടെയുള്ള സാങ്കേതിക മുന്നേറ്റങ്ങൾ രാജ്യത്തെ മത്സ്യബന്ധനത്തിലും മത്സ്യകൃഷിയിലും വിപ്ലവം സൃഷ്ടിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി, പ്രധാനമന്ത്രി മത്സ്യ സമ്പത്ത് യോജനയുടെ (പിഎംഎംഎസ് വൈ ) പരിവർത്തനപരമായ സ്വാധീനവും സിംഗ് ഊന്നിപ്പറഞ്ഞു. മത്സ്യകൃഷി പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിലും, മെച്ചപ്പെടുത്തുന്നതിലും, കാര്യക്ഷമതയും ഉൽപ്പാദനവും മെച്ചപ്പെടുത്തുന്നതിലും ഡ്രോണുകൾക്ക് നിർണായക പങ്കുവഹിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു.