കിൻഷാസ, ഫെബ്രുവരി 3, 2025 – കിന്ഷാസയിലെ ഇന്ത്യൻ സ്ഥാനപതി കിഴക്കൻ കോൺഗോയിലെ ബുകാവുവിൽ താമസിക്കുന്ന എല്ലാ ഇന്ത്യൻ പൗരന്മാരോടും ഉടൻ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാൻ നിർദ്ദേശം നൽകി. ബുകാവുവിന് 20-25 കിലോമീറ്റർ അകലെയായി എം23 റിബലുകൾ എത്തിയെന്ന റിപ്പോർട്ടുകൾക്കിടെ സുരക്ഷാ ഭീഷണി ഉയർന്ന പശ്ചാത്തലത്തിലാണ് ഈ മുന്നറിയിപ്പ്.
സ്ഥാനപതി ബുകാവുവിലേക്ക് പുതിയ യാത്രകൾ ഒഴിവാക്കണമെന്ന് നിർദ്ദേശിക്കുകയും വിമാനത്താവളങ്ങൾ, അതിർത്തികൾ, റോഡുകൾ തുടങ്ങിയവ ഇപ്പോഴും തുറന്നിരിക്കുന്ന സാഹചര്യത്തിൽ മാറ്റം വേഗത്തിൽ നടത്തണമെന്നും അഭ്യർത്ഥിച്ചു.”എല്ലാ ഇന്ത്യൻ പൗരന്മാരും അവരുടെ തിരിച്ചറിയൽ, യാത്രാ രേഖകൾ എല്ലാം തങ്ങളോടൊപ്പം സൂക്ഷിക്കണം. മരുന്നുകൾ, വസ്ത്രങ്ങൾ, ഭക്ഷണം, വെള്ളം തുടങ്ങിയ അത്യാവശ്യ സാധനങ്ങൾ കൈവശം സൂക്ഷിക്കേണ്ടതാണെന്ന്” മുന്നറിയിപ്പിൽ പറയുന്നു.സ്ഥാനപതി സ്ഥിതിഗതികൾ നിരന്തരം
നിരീക്ഷിച്ചുവരികയാണെന്നും, ഇന്ത്യൻ പൗരന്മാർ തദ്ദേശീയ മാധ്യമങ്ങളിലൂടെ അപ്‌ഡേറ്റുകൾ പിന്തുടരണമെന്നുമാണ് നിർദേശം. അടിയന്തിര സാഹചര്യത്തിൽ +243 890024313 എന്ന നമ്പറിൽ സ്ഥാനപതിയെ ബന്ധപ്പെടാമെന്നും അറിയിച്ചു.