100 വന്ദേ ഭാരത് ട്രെയിനുകളുടെ നിർമ്മാണത്തിനും പരിപാലനത്തിനുമായി അൽസ്റ്റോം ഇന്ത്യയ്ക്ക് നൽകിയ 30,000 കോടി രൂപയുടെ ടെൻഡർ ഇന്ത്യൻ റെയിൽവേ റദ്ദാക്കി. ഒരു ട്രെയിനിന് 145 കോടി രൂപ എന്ന നിലയിൽ ഫ്രഞ്ച് കമ്പനി ക്വട്ടേഷൻ നൽകിയത് അതിരുകടന്നതായി ടെൻഡർ അവലോകന സമിതി വിലയിരുത്തിയതിനെ തുടർന്നാണ് തീരുമാനം.
ഒരു യൂണിറ്റിന് പരമാവധി 140 കോടി രൂപ നിരക്കിൽ ട്രെയിനുകൾ നിർമ്മിക്കാനാണ് റെയിൽവേ ലക്ഷ്യമിടുന്നത്, അതേസമയം അൽസ്റ്റോം ഏകദേശം 145 കോടി രൂപയ്ക്ക് ഇടപാട് നടത്താൻ തയ്യാറായിരുന്നു. ടെൻഡറിൽ ഏറ്റവും കുറഞ്ഞ തുകയ്ക്ക് ലേലത്തിനെത്തിയെങ്കിലും കമ്പനിയുടെ അപേക്ഷ ഒടുവിൽ നിരസിക്കപ്പെട്ടു.
അൽസ്റ്റോം ഇന്ത്യയും, ഹൈദരാബാദ് ആസ്ഥാനമായുള്ള മേധാ സെർവോ ഡ്രൈവ്‌സ് ,സ്വിസ് കമ്പനി സ്റ്റാഡ്‌ലർ റെയിൽ എന്നിവയുടെ കൺസോർഷ്യവും വിജയകരമായി ബിഡ് സമർപ്പിച്ചു. അൽസ്റ്റോം ഒരു ട്രെയിനിന് 150.9 കോടി ക്വോട്ട് ചെയ്തപ്പോൾ മേധ ഒരു ട്രെയിനിന് 169 കോടി രൂപ ക്വോട്ട് ചെയ്തു.
35 വർഷത്തേക്ക് 100 അലുമിനിയം ബോഡിയുള്ള വന്ദേ ഭാരത് ട്രെയിനുകൾ നിർമ്മിക്കുന്നതിനുള്ള താല്പര്യം ക്ഷണിച്ചുകൊണ്ട് 2022-ലാണ് ടെൻഡർ വിളിച്ചത്. നിലവിൽ ഇന്ത്യ ഉപയോഗിക്കുന്നത് സ്റ്റീൽ ബോഡിയുള്ള ട്രെയിനുകളാണ്.സ്റ്റെയിൻലെസ് സ്റ്റീലിനെ അപേക്ഷിച്ച് ഭാരം കുറഞ്ഞതും മെച്ചപ്പെട്ട ഊർജ്ജ കാര്യക്ഷമതയുമാണ് അലുമിനിയം കോച്ചുകൾ തിരഞ്ഞെടുക്കാനുള്ള തീരുമാനത്തിന് കാരണമായത്.