ന്യൂഡൽഹി: യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യൻ റെയിൽവേ രാജ്യത്തെ എല്ലാ ട്രെയിനുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കും, ഇതിനായി കേന്ദ്ര റെയിൽവേ മന്ത്രാലയം അനുമതി നൽകി. ആദ്യഘട്ടത്തിൽ 74,000 കോച്ചുകളിലും 15,000 എഞ്ചിനുകളിലും ക്യാമറകൾ സ്ഥാപിക്കും
ഓരോ കോച്ചിലും നാല് ക്യാമറകൾ വീതം സ്ഥാപിക്കും. ഇവയെല്ലാം വാതിലുകൾക്കു സമീപം പൊതു ഇടങ്ങളിൽ മാത്രമായിരിക്കും, യാത്രക്കാരുടെ സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകിയാണ് തീരുമാനം. എഞ്ചിനുകളിൽ നാല് വശങ്ങളിലായി ക്യാമറകളും, ലോക്കോ പൈലറ്റ്മാരുടെ ശബ്ദം റെക്കോർഡ് ചെയ്യാൻ രണ്ട് മൈക്രോഫോണുകളും ഘടിപ്പിക്കും.
ക്യാമറകൾ 360 ഡിഗ്രി ദൃശ്യങ്ങൾ നൽകാൻ കഴിയുന്നവയാണ്. 100 കിലോമീറ്ററിലേറെ വേഗതയിലും കുറഞ്ഞ വെളിച്ചത്തിലും ദൃശ്യങ്ങൾ വ്യക്തമായി പകർത്താൻ ഇവക്ക് കഴിയും. എ ഐ സാങ്കേതിക വിദ്യയുമായി ദൃശ്യങ്ങൾ പരിശോധിക്കാൻ റെയിൽവേ നിർദ്ദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞദിവസം ചേർന്ന ഉന്നതതല യോഗത്തിലാണ് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് ഈ പദ്ധതി അംഗീകരിച്ചത്. ഉത്തര റെയിൽവേയിൽ വിജയകരമായി പരീക്ഷണം പൂർത്തിയാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ദേശീയതലത്തിൽ പദ്ധതി വ്യാപിപ്പിക്കുന്നത്.
യാത്രക്കാർക്ക് സുരക്ഷിതമായ യാത്രാ അനുഭവം നൽകുക, ട്രെയിനുകളിൽ നടക്കുന്ന അക്രമങ്ങൾ, മോഷണങ്ങൾ എന്നിവ തടയുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം
പൊതു ഇടങ്ങളിൽ മാത്രം ക്യാമറകൾ സ്ഥാപിക്കുന്നതിനാൽ സ്വകാര്യതയ്ക്ക് ഭീഷണി ഉണ്ടാകില്ല.
