
തിരുവനന്തപുരം: 2025–26 ലെ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച വനിതാ ശുചിത്വ പദ്ധതികൾ സംസ്ഥാനത്ത് നടപ്പിലാക്കുന്നതിന്റെ ഭാഗമായി, ഹയർസെക്കൻഡറി വിദ്യാർഥിനികൾക്കും കുടുംബശ്രീ അംഗങ്ങളായ വനിതകൾക്കും മെൻസ്ട്രുവൽ കപ്പുകൾ സൗജന്യമായി വിതരണം ചെയ്യുന്നതിന്റെയും, പൊതു വിദ്യാലയങ്ങളിൽ ഉപയോഗിച്ച നാപ്കിനുകൾ ശാസ്ത്രീയമായി സംസ്കരിക്കുന്നതിനായി ഇൻസിനറേറ്ററുകൾ സ്ഥാപിക്കുന്നതിന്റെയും സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (ജനുവരി 20, 2026) കൊട്ടാരക്കര നിയോജക മണ്ഡലത്തിലെ വെളിയം ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്ന മുട്ടറ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ നിർവഹിക്കും

ഹരിത കേരളം മിഷന്റെ നേതൃത്വത്തിലാണ് പദ്ധതികൾ നടപ്പാക്കുന്നത്. സംസ്ഥാനത്തുടനീളം ആകെ 1.69 ലക്ഷം മെൻസ്ട്രുവൽ കപ്പുകളാണ് വിതരണം ചെയ്യുന്നത്. ഇതിനൊപ്പം 322 സർക്കാർ സ്കൂളുകളിൽ നാപ്കിൻ ഇൻസിനറേറ്ററുകളും സ്ഥാപിച്ചു.
ആർത്തവ ശുചിത്വം ഉറപ്പാക്കുന്നതിനൊപ്പം പരിസ്ഥിതി സൗഹൃദമായ മാലിന്യ നിർമാണവും ലക്ഷ്യമിട്ടാണ് പദ്ധതികൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.ഈ പദ്ധതികൾ വിദ്യാർഥിനികൾക്കും വനിതകൾക്കും ആരോഗ്യപരമായും സാമൂഹികമായും വലിയ പിന്തുണ നൽകുമെന്ന് സർക്കാർ വിലയിരുത്തുന്നു.