അമേരിക്കയിലെ വിസ്കോൺസിനിലെ മാഡിസണിൽ മെൻഡോട്ട തടാകത്തിൽ ഒരു വർഷത്തോളമായി നഷ്ടപ്പെട്ട ഒരു ഐഫോൺ, വെള്ളത്തിനടിയിൽ നിന്ന് കണ്ടെത്തി. ക്ലീനപ്പ് ഡൈവുകൾക്ക് പേരുകേട്ട ഫോർ ലേക്സ് സ്കൂബ ക്ലബ്, അവരുടെ ഒരു പൊതു സേവന പ്രവർത്തനത്തിനിടെ ഐഫോൺ കണ്ടെത്തി. പരിസ്ഥിതിക്ക് ഹാനികരമായ പ്ലാസ്റ്റിക് ബാഗുകൾ, കപ്പുകൾ, കുപ്പികൾ, ഇലക്‌ട്രോണിക് സാധനങ്ങൾ തുടങ്ങിയ വസ്തുക്കൾ നീക്കം ചെയ്യുകയാണ് ക്ലബ്ബിന്റെ ലക്ഷ്യം. വെള്ളത്തിനടിയിലായ സ്‌മാർട്ട്‌ഫോണുകൾ പലപ്പോഴും അവർ കണ്ടെത്തുന്നുണ്ടെങ്കിലും അവയിൽ മിക്കതും പ്രവർത്തനരഹിതമാണ്. എന്നിരുന്നാലും, ഈ പ്രത്യേക ഐഫോൺ ചാർജ് ചെയ്തതിന് ശേഷവും പ്രവർത്തനക്ഷമമായിരുന്നു. അതിന് ശേഷം ക്ലബ്ബ് ഉപകരണം യുഡബ്ല്യു-മാഡിസൺ പോലീസ് ഡിപ്പാർട്ട്മെന്റിന് കൈമാറി.
പോലീസ് ഡിപ്പാർട്ട്‌മെന്റിന്റെ ഡിറ്റക്ടീവിന് ഫോൺ ആക്‌സസ് ചെയ്യാനും അതിന്റെ ഉടമ എല്ലി ഐസൻബെർഗ് ആണെന്ന് തിരിച്ചറിയാനും കഴിഞ്ഞു. 2022-ലെ വേനൽക്കാലത്ത് സുഹൃത്തുക്കളോടൊപ്പം ബോട്ടിങ്ങിനിടെ എല്ലിക്ക് അവളുടെ ഫോൺ നഷ്ടപ്പെട്ടു. പിന്നീട്, യുഡബ്ല്യു-മാഡിസൺ പോലീസ് ഡിപ്പാർട്ട്‌മെന്റ് അവളെ ബന്ധപ്പെട്ടപ്പോൾ അവളുടെ നഷ്ടപ്പെട്ട ഐഫോൺ ഇപ്പോഴും പ്രവർത്തനക്ഷമമാണെന്ന് അറിയിച്ചപ്പോൾ അവൾ ആശ്ചര്യപ്പെട്ടു.
ഐഫോണിന്റെ നിർദ്ദിഷ്ട മോഡൽ പരാമർശിച്ചിട്ടില്ലെങ്കിലും, സ്റ്റെയിൻലെസ് സ്റ്റീൽ ഫിനിഷിനെ അടിസ്ഥാനമാക്കി ഇത് ഒരു പ്രോ ഐഫോൺ 12 അല്ലെങ്കിൽ 13 ആണെന്ന് കരുതുന്നു. ഈ ഏറ്റവും പുതിയ ഐഫോൺ മോഡലുകൾക്ക് IP68 റേറ്റിംഗ് ഉണ്ട്.ഇതിന് വെള്ളവും പൊടിയും പ്രതിരോധിക്കാൻ സാധിക്കും. വെള്ളത്തിനടിയിൽ ഒരു വർഷത്തോളം തുടരാൻ കഴിയുന്ന രീതിയിൽ അവ രൂപകൽപ്പന ചെയ്തിട്ടില്ലെങ്കിലും, അവയിൽ ചിലതിന് അത്തരം സാഹചര്യങ്ങൾ തരണം ചെയ്യാൻ കഴിയുമെന്ന് കണ്ടെത്തുന്നത് ശ്രദ്ധേയമാണ്.