സഞ്ചാരികള്‍ക്ക് നവ്യാനുഭവം പകരുന്ന കാഴ്ചകളൊരുക്കി പായം പഞ്ചായത്തിലെ ഇരിട്ടി പെരുംപറമ്പ് എക്കോപാര്‍ക്ക്. കുട്ടികള്‍ക്കായി വിവിധ തീമുകളിലുള്ള പാര്‍ക്ക്, വിവിധ മൃഗങ്ങളുടെ ശില്‍പ്പങ്ങള്‍, പുല്‍ത്തകിടികള്‍, വാച്ച് ടവര്‍, ആംഫി തിയേറ്റര്‍, വാക് വേ, ഇരിപ്പിടങ്ങള്‍ തുടങ്ങിയ സൗകര്യങ്ങളോടെയാണ് പാര്‍ക്ക് പ്രവര്‍ത്തിക്കുന്നത്. ടൂറിസം വകുപ്പിന്റെ ഡെസ്റ്റിനേഷന്‍ ചലഞ്ച് പദ്ധതിയിലൂടെയാണ് പഴശ്ശി ജലസേചന പദ്ധതിയുടെ ഭാഗമായ പെരുംപറമ്പ് പുഴയോരത്ത് നാലര ഏക്കര്‍ ഭൂമിയില്‍ ഇക്കോ പാര്‍ക്ക് സജ്ജമാക്കിയിരിക്കുന്നത്.
വിനോദസഞ്ചാര വകുപ്പിന്റെയും പായം പഞ്ചായത്തിന്റെയും ഫണ്ട് ഉപയോഗിച്ച് നിലവിലുണ്ടായിരുന്ന പാര്‍ക്ക് ആധുനിക രീതിയില്‍ നവീകരിക്കുകയായിരുന്നു. വിനോദസഞ്ചാര വകുപ്പിന്റെ 50 ലക്ഷം രൂപയും പായം ഗ്രാമപഞ്ചായത്തിന്റെ 40 ലക്ഷം രൂപയുമാണ് പദ്ധതിക്കായി ചെലവഴിച്ചിട്ടുള്ളത്. പഴശ്ശി ജലസംഭരണ പ്രദേശത്തിന്റെ ഭംഗി ആസ്വദിക്കാന്‍ നിരവധിയാളുകള്‍ കുടുംബസമേതം ഇവിടെയെത്തുന്നു. ഇരിട്ടി പുഴയുടെ തീരത്ത് നിര്‍മിച്ച ഈ കേന്ദ്രം പൂര്‍ണമായും പ്രകൃതി സൗഹൃദപരമായ രീതിയിലാണ് സജ്ജമാക്കിയിട്ടുള്ളത്. മരത്തണലില്‍ ഇരുന്ന് പ്രകൃതിഭംഗി ആസ്വദിക്കാന്‍ ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്.
ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ഗ്രാമഹരിത സമിതിക്കാണ് പാര്‍ക്കിന്റെ നടത്തിപ്പ് ചുമതല. കുട്ടികള്‍ക്ക് 20 രൂപയും മുതിര്‍ന്നവര്‍ക്ക് 35 രൂപയുമാണ് പ്രവേശന ഫീസ്. പാര്‍ക്കില്‍ ഗ്രാമ ഹരിത സമിതിയുടെ ടീ ഷോപ്പും പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും കുറഞ്ഞത് ഒരു വിനോദസഞ്ചാര കേന്ദ്രമെങ്കിലും വേണമെന്ന ലക്ഷ്യത്തോടെയാണ് ഡെസ്റ്റിനേഷന്‍ ചലഞ്ച് പദ്ധതി നടപ്പിലാക്കുന്നത്. തദ്ദേശീയ ടൂറിസം മേഖല മെച്ചപ്പെടുത്തി കേരളത്തിന്റെ സമഗ്രമായ വികസനത്തിന് വഴിയൊരുക്കുക എന്നതാണ് സംസ്ഥാന സര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതി നടത്തിപ്പില്‍ നിന്നുള്ള വരുമാനം പൂര്‍ണമായും പഞ്ചായത്തിനാണ് ലഭിക്കുന്നത്.
