ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐഎസ്‌എൽ) ഫുട്‌ബോളിന്റെ നിലവാരം വർദ്ധിച്ചുവരുന്നതായി ബെംഗളൂരു എഫ്‌സി ക്യാപ്റ്റൻ സുനിൽ ഛേത്രി പറഞ്ഞു.ദേശീയ ടീമിൽ ഇടം നേടാനും അവരുടെ കഴിവുകൾ ഉയർത്താനും ലക്ഷ്യമിടുന്ന യുവ പ്രതിഭകൾക്ക് ഇത് പ്രചോദനമായി മാറിയിട്ടുണ്ട്.
ഐഎസ്‌എൽ ചരിത്രത്തിലെ മുൻനിര ഇന്ത്യൻ ഗോൾ സ്‌കോററായ ഛേത്രി, ഐഎസ്‌എൽ മത്സരത്തിലൂടെ മെച്ചപ്പെട്ട ഒരു യുവ കളിക്കാരനായ സന്ദേശ് ജിംഗന്റെ പേര് ഉദാഹരണമായി എടുത്ത് പറഞ്ഞു.
“വർഷാവർഷം, ലീഗ് കൂടുതൽ പുരോഗതി കൈവരിക്കുകയും ദേശീയ ടീമിനായി കളിക്കാൻ ആഗ്രഹിക്കുന്ന എല്ലാ കളിക്കാർക്കും പ്രയോജനം ലഭിക്കുകയും ചെയ്യുന്നു,” ബെംഗളൂരുവിൽ നടന്ന ഐഎസ്‌എൽ മാധ്യമ ദിനത്തിൽ ഛേത്രി പറഞ്ഞത് ഐഎസ്‌എൽ പത്രക്കുറിപ്പിൽ ഉദ്ധരിച്ചു.
“ലീഗിന്റെ നിലവാരം ഉയർന്നുകൊണ്ടേയിരിക്കുന്നു, മികച്ച കളിക്കാരെ ആകർഷിക്കുന്നു. സന്ദേശ് (ജിംഗൻ) ഒരു പ്രധാന ഉദാഹരണമാണ്; കോറോ, ബാർത്ത് ഒഗ്ബെച്ചെ, മിക്കു തുടങ്ങിയ പ്രതിഭകൾക്കെതിരെ മത്സരിക്കുന്ന ഒരു ചെറുപ്പക്കാരനായി അദ്ദേഹം മുന്നേറി. സമഗ്രവും ശാസ്ത്രീയവുമായ പരിശീലനം യുവ പ്രതിഭകളെ വളരെയധികം സഹായിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.
ഹൈദരാബാദ് എഫ്‌സി ഡിഫൻഡർ ചിംഗ്‌ലെൻസന സിംഗ് ഛേത്രിയുടെ അഭിപ്രായത്തോട് യോജിച്ചു.വിദേശ കളിക്കാരുമായുള്ള പരിശീലനം ഇന്ത്യൻ കളിക്കാരുടെ കഴിവുകൾ വർദ്ധിപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
“കഴിഞ്ഞ ദശകത്തിൽ ഐഎസ്‌എൽ കാര്യമായ മുന്നേറ്റം നടത്തി .ഐഎസ്‌എൽ വന്നതോടെ നിരവധി ഇന്ത്യൻ കളിക്കാർ പുരോഗതി നേടി. ഉയർന്ന നിലവാരമുള്ള കളിക്കാർക്കൊപ്പം കളിക്കുന്നത് രാജ്യത്തെ പ്രതിഭകൾക്ക് ശരിക്കും ഗുണം ചെയ്തു, ഇത് ദേശീയ ടീമിന്റെ പ്രകടനത്തിൽ വ്യക്തമാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.
യുവതാരമായി ഐഎസ്എല്ലിലെത്തിയ സിംഗ് പിന്നീട് രാജ്യത്തെ മികച്ച സെന്റർബാക്കിൽ ഒരാളായി മാറി. വരാനിരിക്കുന്ന സീസണിൽ, അദ്ദേഹം ഹൈദരാബാദ് എഫ്‌സിയുടെ പ്രതിരോധ നിരയെ നയിക്കും
ഐഎസ്‌എൽ പത്താം സീസൺ സെപ്റ്റംബർ 21 ന് ആരംഭിക്കും, കൊച്ചിയിൽ നടക്കുന്ന പോരാട്ടത്തിൽ ബെംഗളൂരു എഫ്‌സി എതിരാളികളായ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയെ നേരിടും.