ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്ആർഒ ചന്ദ്രയാൻ-3 ബഹിരാകാശ പേടകത്തിന്റെ വിക്രം ലാൻഡർ പകർത്തിയ പുതിയ ചിത്രങ്ങൾ പുറത്ത് വിട്ടു
ലാൻഡർ ഹസാർഡ് ഡിറ്റക്ഷൻ ആൻഡ് അവോയിഡൻസ് ക്യാമറ (എൽഎച്ച്ഡിഎസി) വഴി ലഭിച്ച ചിത്രങ്ങൾ, ചന്ദ്രന്റെ വിദൂര വശത്തിന്റെ വ്യക്തമായ കാഴ്ച നൽകുന്നു. ഐഎസ്ആർഒയുടെ കീഴിലുള്ള സ്പേസ് ആപ്ലിക്കേഷൻ സെന്റർ (എസ്എസി) വികസിപ്പിച്ചെടുത്ത എൽഎച്ച്ഡിഎസി വിക്രം ലാൻഡറിന്റെ നിർണായക ഭാഗമാണ്. ഇറക്കത്തിൽ തടസ്സങ്ങളില്ലാതെ സുരക്ഷിതമായ ലാൻഡിംഗ് ഇത് ഉറപ്പാക്കുന്നു.
വിക്രം ലാൻഡർ ആഗസ്ത് 23 ന് കൃത്യം 6:04 ന് ചന്ദ്രന്റെ ദക്ഷിണ ധ്രുവ മേഖലയിൽ ഇറങ്ങും. ഈ ഉദ്യമത്തിലെ വിജയം യുണൈറ്റഡ് സ്റ്റേറ്റ്സ് , റഷ്യ, ചൈന.പോലുള്ള ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിംഗ് നേടിയ എലൈറ്റ് രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയെ എത്തിക്കും.
ഈ ചരിത്ര സംഭവത്തിൽ സജീവ പങ്കുവഹിക്കാൻ രാജ്യത്തുടനീളമുള്ള എല്ലാ സ്കൂളുകളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഐഎസ്ആർഒ ക്ഷണിച്ചു.
വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഇടയിൽ ഈ പരിപാടി സജീവമായി പ്രചരിപ്പിക്കാനും ചാന്ദ്രയാൻ -3 സോഫ്റ്റ് ലാൻഡിംഗിന്റെ ലൈവ് സ്ട്രീമിംഗ് സംഘടിപ്പിക്കാനും സ്ഥാപനങ്ങളോട് ഐഎസ്ആർഒ ആവശ്യപ്പെട്ടു
ഐഎസ്ആർഒയുടെ ഔദ്യോഗിക വെബ്‌സൈറ്റായ isro.gov.in-ൽ പരിപാടി തത്സമയം സംപ്രേക്ഷണം ചെയ്യും. പരിപാടിയുടെ തത്സമയ സ്ട്രീമിംഗ് ഐഎസ്ആർഒയുടെ യൂട്യൂബ് ചാനലിലും ഫേസ്ബുക്ക് പേജിലും ലഭ്യമാകും.
ഐഎസ്ആർഒയുടെ നേതൃത്വത്തിലുള്ള ചന്ദ്രയാൻ-3 ദൗത്യം കൃത്യമായ ആസൂത്രണത്തിനും തയ്യാറെടുപ്പിനും ശേഷമാണ് വിക്ഷേപിച്ചത്.
വിക്രം ലാൻഡറും പ്രഗ്യാൻ റോവറും ഉൾപ്പെടുന്ന ചന്ദ്രയാൻ-3 ലാൻഡർ മൊഡ്യൂൾ ഒന്നിലധികം ദൗത്യ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സുസജ്ജം ആണ്. സുരക്ഷിതമായ ചന്ദ്രനിലെ ലാൻഡിങ്, ചന്ദ്രനിൽ റോവറിന്റെ സഞ്ചാരം , ശാസ്ത്രീയ പരീക്ഷണങ്ങൾ എന്നിവയാണ് ലക്ഷ്യങ്ങൾ.