
പാചകവാതക ക്ഷാമത്തിന് സംസ്ഥാന സർക്കാർ കാരണമെന്ന ആരോപണം വ്യാജപ്രചാരണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തെ തുടർന്നുണ്ടായ പ്രതിസന്ധിക്ക് യഥാർത്ഥ കാരണം കേന്ദ്രസർക്കാരിന്റെ നിസ്സംഗതയും കാര്യക്ഷമതക്കുറവുമാണെന്നും, സംസ്ഥാനങ്ങൾക്ക് അനുവദിക്കേണ്ട വിഹിതം സമയബന്ധിതമായി നൽകുന്നതിൽ കേന്ദ്രം പരാജയപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു.

തങ്ങളുടെ അധികാരപരിധിയിൽപ്പെടാത്ത വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചു.
പ്രതിസന്ധിക്കിടയിലും സംസ്ഥാന സർക്കാർ ഉത്തരവാദിത്തത്തോടെ ഇടപെടുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. പാചകവാതക വിതരണം നിയന്ത്രിക്കാൻ പ്രത്യേക സംവിധാനം രൂപീകരിക്കുകയും മുൻഗണനാ മേഖലകൾക്ക് വിതരണം ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. ജില്ലാതലത്തിൽ പരിശോധനകൾ ശക്തമാക്കി അനധികൃത പ്രവർത്തനങ്ങൾ തടയുന്നതിനൊപ്പം പൈപ്പ് വഴിയുള്ള പ്രകൃതി വാതക വിതരണം വ്യാപിപ്പിക്കുന്ന നടപടികളും പുരോഗമിക്കുകയാണെന്നും അറിയിച്ചു.
കേന്ദ്രത്തിന്റെ മുൻകരുതൽ ഇല്ലായ്മ മൂലമുണ്ടായ ഈ പ്രതിസന്ധിയിൽ ജനങ്ങൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിക്കാൻ എല്ലാ ഇടപെടലുകളും സംസ്ഥാനം തുടരുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിലവിലെ ക്ഷാമം പരിഹരിക്കാൻ 55 ലക്ഷം ലിറ്റർ പാചകവാതകം അധികമായി അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും, ജനങ്ങളുടെ പ്രയാസങ്ങൾ ലഘൂകരിച്ച് അവശ്യസേവനങ്ങൾ തടസ്സമില്ലാതെ തുടരാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.