ജമ്മു കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ടത്തിൽ 35 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ശതമാനമായ 61% പോളിംഗ് രേഖപ്പെടുത്തി.കിഷ്ത്വാർ ജില്ലയിൽ 80.14 ശതമാനം പോളിങ് രേഖപ്പെടുത്തി.71.34 ശതമാനം വോട്ടുമായി ഡോഡയും 70.55 ശതമാനവുമായി റംബാനും തൊട്ടുപിന്നിലുണ്ടു. കുൽഗാം 62.46 ശതമാനം, അനന്ത്നാഗ് 57.84 ശതമാനം, ഷോപ്പിയാൻ 55.96 ശതമാനം, പുൽവാമ 46.65 ശതമാനം എന്നിങ്ങനെ മറ്റ് ജില്ലകളിലും ശക്തമായ പങ്കാളിത്തം രേഖപ്പെടുത്തി.
പുൽവാമ, ഷോപിയാൻ, കുൽഗാം, കിഷ്ത്വാർ, അനന്ത്നാഗ്, റംബാൻ, ദോഡ എന്നീ ഏഴ് ജില്ലകളിലെ 24 നിയമസഭാ മണ്ഡലങ്ങളിലും വോട്ടെടുപ്പ് സമാധാനപരമായിരുന്നു.
തെരഞ്ഞെടുപ്പിൻ്റെ സമാധാനപരമായ നടത്തിപ്പ് എല്ലാ പോളിംഗ് സ്റ്റേഷനുകളിലും വെബ്കാസ്റ്റിംഗ് വഴി ഉറപ്പാക്കി, അതേസമയം സ്ഥിതിഗതികൾ നിരീക്ഷിക്കാൻ 32 കേന്ദ്ര നിരീക്ഷകരെ വിന്യസിച്ചു. ജമ്മു, ഉധംപൂർ, ഡൽഹി എന്നിവിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള 24 പ്രത്യേക പോളിംഗ് സ്റ്റേഷനുകളിലൂടെ വോട്ട് ചെയ്യാൻ കശ്മീരി കുടിയേറ്റ വോട്ടർമാർക്കായി പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇത്തവണ ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിൽ ആദ്യമായി, വീട്ടിൽ വോട്ട് ചെയ്യാനുള്ള സൗകര്യങ്ങൾ അവതരിപ്പിച്ചു.