മുന്നണി മാറ്റം സംബന്ധിച്ച് സാമൂഹ്യമാധ്യമങ്ങളിലും ചില മാധ്യമങ്ങളിലും പ്രചരിക്കുന്ന വാര്‍ത്തകളെ പൂര്‍ണമായും തള്ളുന്നതായി കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി വ്യക്തമാക്കി. ഇടതുമുന്നണിയിലെ അവിഭാജ്യ ഘടകം എന്ന നിലപാടില്‍ ഒരു മാറ്റവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ കൂടുതല്‍ ശക്തിപ്പെടുത്തുകയും ജനകീയ അടിത്തറ വിപുലീകരിക്കുകയും ചെയ്യുന്നതിനായി കേരള കോണ്‍ഗ്രസ് (എം) സ്ഥിരമായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
യു.ഡി.എഫില്‍ നിലനില്‍ക്കുന്ന നേതൃത്വ തർക്കം മറയ്ക്കാനായി ചില രാഷ്ട്രീയ കേന്ദ്രങ്ങള്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്ന് ജോസ് കെ. മാണി ആരോപിച്ചു.
ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുതല്‍ നിയമസഭാ തെരഞ്ഞെടുപ്പ് വരെയുള്ള എല്ലാ തലങ്ങളിലും ഇടതുമുന്നണിക്ക് ശക്തമായ വിജയം സമ്മാനിക്കാനായി പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്.
മലയോര മേഖലയിലെ കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പ്രത്യേക ആക്ഷന്‍ പ്ലാന്‍ സര്‍ക്കാര്‍ തയ്യാറാക്കിയതായും ജോസ് കെ. മാണി ഓര്‍മ്മിപ്പിച്ചു. വന്യജീവി ആക്രമണത്തിന് ശാശ്വതപരിഹാരമുണ്ടാക്കുന്നതിന് കേന്ദ്ര സർക്കാർ നയത്തിനെതിരെ എല്ലാ രാഷ്ട്രീയ ശക്തികളും ഒരേ നിലപാടില്‍ ശബ്ദമുയര്‍ത്തേണ്ടതുണ്ടെന്നും, അതിനായി പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കപ്പെടുന്നത് ആവശ്യമായ ഒന്നായിരിക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മലയോര മേഖലയിലെ പ്രശ്നങ്ങള്‍ ഉയര്‍ത്തുന്നത് മുന്നണി രാഷ്ട്രീയ ചര്‍ച്ചകളുമായി കൂട്ടിച്ചേര്‍ത്ത് ചിലര്‍ വിലകുറഞ്ഞ രാഷ്ട്രീയ ശ്രമങ്ങള്‍ നടത്തുന്നുവെന്നത് ദൗര്‍ഭാഗ്യകരമാണെന്നും, അത്തരം ശ്രമങ്ങളെ കേരള കോണ്‍ഗ്രസ് (എം) പൂര്‍ണമായും നിരാകരിക്കുന്നതായും ജോസ് കെ. മാണി വ്യക്തമാക്കി.
“മൂന്നാംതവണയും എല്‍.ഡി.എഫിനെ അധികാരത്തില്‍ എത്തിക്കുന്നതിനായി മുന്നണി കൂടുതല്‍ കരുത്തോടെ മുന്നോട്ടുപോകും. കേരള കോണ്‍ഗ്രസ് (എം) ന്റെ നിലപാട് മാറുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുന്നവര്‍ക്ക്, അവരുടെ കാത്തിരിപ്പ് വൃഥാ ആവുകയേ ഉള്ളൂ. അങ്ങനെയുള്ളവര്‍ വെള്ളം തിളപ്പിച്ചാല്‍ അത് വാങ്ങി വെക്കുന്നതായിരിക്കും ഉചിതം,” എന്നായിരുന്നു ജോസ് കെ. മാണിയുടെ പ്രതികരണം.
