2023/24-ലെ ലാ ലിഗ പ്ലെയർ ഓഫ് ദി സീസൺ അവാർഡ് റയൽ മാഡ്രിഡിൻ്റെ മിഡ്‌ഫീൽഡ് മാസ്‌ട്രോ ജൂഡ് ബെല്ലിംഗ്ഹാം സ്വന്തമാക്കി . ലോസ് ബ്ലാങ്കോസിനെ 36-ാം ലീഗ് കിരീടത്തിലേക്ക് നയിക്കുന്നതിൽ 20 കാരനായ ഇംഗ്ലീഷുകാരൻ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
ബെല്ലിംഗ്ഹാമിൻ്റെ മിഡ്ഫീൽഡിലെ ഊർജ്ജസ്വലമായ സാന്നിധ്യം, വെറും 28 ലാ ലിഗ മത്സരങ്ങളിൽ നിന്ന് 19 ഗോളുകളും 6 അസിസ്റ്റുകളും നേടാൻ അദ്ദേഹത്തേ സഹായിച്ചു. കഴിഞ്ഞ വർഷം ബൊറൂസിയ ഡോർട്ട്മുണ്ടിനൊപ്പം ബുണ്ടസ്ലിഗയിൽ പ്ലെയർ ഓഫ് ദി സീസൺ അവാർഡ് നേടിയതിന് പിന്നാലെയാണ് സ്പെയിനിലെ ഈ മികച്ച അരങ്ങേറ്റ സീസൺ.
സഹതാരം വിനീഷ്യസ് ജൂനിയർ, അത്‌ലറ്റിക്കോ മാഡ്രിഡിൻ്റെ അൻ്റോയിൻ ഗ്രീസ്മാൻ, ജിറോണയുടെ ടോപ് സ്‌കോറർ ആർടെം ഡോവ്‌ബിക്, ബാഴ്‌സലോണയുടെ സ്‌ട്രൈക്കർ റോബർട്ട് ലെവൻഡോവ്‌സ്‌കി എന്നിവരുൾപ്പെടെയുള്ളവരുടെ ശക്തമായ മത്സരം അതിജീവിച്ചാണ് ബെല്ലിംഗ്ഹാം ബഹുമതി നേടിയത്. ആരാധകരും ക്ലബ് ക്യാപ്റ്റൻമാരും ഫുട്ബോൾ വിദഗ്ധരുടെ പാനലും ഇതിനായി വോട്ട് രേഖപ്പെടുത്തി.
തൻ്റെ മുൻ ക്ലബ് ബൊറൂസിയ ഡോർട്ട്മുണ്ടിനെതിരായ ചാമ്പ്യൻസ് ലീഗ് ഫൈനലിനുള്ള തയ്യാറെടുപ്പുകൾ കാരണം അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കാൻ കഴിയാത്ത ബെല്ലിംഗ്ഹാം ഒരു വീഡിയോ സന്ദേശത്തിൽ നന്ദി അറിയിച്ചു. ഇത് ലഭിക്കുന്നത് അഭിമാനമാനകരമാെണെന്നും അദ്ദേഹം പറഞ്ഞു. “ഇത് എൻ്റെ എല്ലാ ടീമംഗങ്ങൾക്കും സ്റ്റാഫിനും ഏറ്റവും പ്രധാനമായി ആരാധകർക്കുമായി സമർപ്പിക്കുന്നു. ഓരോ തവണയും ഞാൻ ഈ ടീമിനായി കളിക്കുന്നത് സന്തോഷകരമാണ്. ഹലാ മാഡ്രിഡ്!”
ബെല്ലിംഗ്ഹാമിൻ്റെ ഫോം മന്ദീഭവിക്കുന്നതിൻ്റെ ലക്ഷണങ്ങളൊന്നും കാണിക്കുന്നില്ല. ഇതിനകം തന്നെ ഒരു പ്രധാന വ്യക്തിഗത ബഹുമതിയും റയൽ മാഡ്രിഡിനൊപ്പം മറ്റൊരു ചാമ്പ്യൻസ് ലീഗ് കിരീടവും നേടിയതിനാൽ, ഈ യുവ ഇംഗ്ലീഷ് താരത്തിൻ്റെ ഭാവി അവിശ്വസനീയമാംവിധം ശോഭയുള്ളതായി തോന്നുന്നു