തിരുവനന്തപുരം: സംസ്ഥാനത്തെ ദേശീയപാത നവീകരണ-നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന മേഖലകളില്‍ രൂക്ഷമായ ഗതാഗതക്കുരുക്കിന് ഉടന്‍ പരിഹാരം കാണണമെന്ന് ആലപ്പുഴ എംപി കെ. സി. വേണുഗോപാൽ ആവശ്യപ്പെട്ടു. സര്‍വീസ് റോഡുകളുടെ ദയനീയാവസ്ഥയും നിര്‍മ്മാണത്തിലെ ആസൂത്രണ പിഴവുകളും പൊതുജനങ്ങളെ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
എറണാകുളം–തുറവൂര്‍, ഇടപ്പള്ളി–തൃശ്ശൂര്‍ ദേശീയപാതകളില്‍ മണിക്കൂറുകളോളം വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്ന സാഹചര്യം ഗുരുതരമാണെന്നും, അടിയന്തര വാഹനങ്ങള്‍ക്ക് പോലും സഞ്ചാരത്തിന് തടസ്സം നേരിടുന്നുണ്ടെന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി. എല്ലാ സര്‍വീസ് റോഡുകളുടെയും അറ്റകുറ്റപ്പണികള്‍ വേഗത്തിലാക്കാനും അടിയന്തര വാഹനങ്ങള്‍ക്ക് മുന്‍ഗണനാ പാതകള്‍ ഒരുക്കാനുമുള്ള ഉത്തരവാദിത്തം ദേശീയപാത അതോറിറ്റിക്കുണ്ടെങ്കിലും, അതിന് നടപടിയെടുക്കാത്തത് പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.
പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പിഎസി) നേരിട്ട് സ്ഥലത്ത് സന്ദര്‍ശിച്ച് ജനങ്ങളുടെ ദുരിതം രേഖപ്പെടുത്തിയിട്ടും, സര്‍വീസ് റോഡുകള്‍ ഗതാഗതയോഗ്യമാക്കാനുള്ള നിര്‍ദ്ദേശം എന്‍എച്ച്എഐ അവഗണിച്ചുവെന്നത് ഗുരുതരമായ കാര്യമാണ്. തുറവൂര്‍ എലിവേറ്റഡ് ഹൈവേ നിര്‍മ്മാണത്തിനിടെ നടന്ന ഇരുമ്പ് ബീം പതനം, കഴിഞ്ഞ മാസം ഗര്‍ഡര്‍ തകര്‍ന്നുവീണ സംഭവം എന്നിവ നിര്‍മ്മാണ ഗുണനിലവാരത്തെക്കുറിച്ചുള്ള ആശങ്കകള്‍ ശക്തിപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന ഏജന്‍സികളും എന്‍എച്ച്എഐയും തമ്മിലുള്ള ഏകോപനം കാര്യക്ഷമമാക്കണമെന്നും, സര്‍വീസ് റോഡുകളുടെ അടിയന്തര അറ്റകുറ്റപ്പണി ഉറപ്പുവരുത്തണമെന്നും, ഓണക്കാലത്തെ ജനത്തിരക്ക് കൂടി പരിഗണിച്ച് കൂടുതല്‍ പോലീസിനെ വിന്യസിച്ച് പ്രത്യേക ഗതാഗത നിയന്ത്രണം നടപ്പാക്കണമെന്നും വേണുഗോപാൽ ആവശ്യപ്പെട്ടു.