You are currently viewing കെ-സ്മാർട്ട് ഏപ്രിൽ 10 മുതൽ പൂർണസജ്ജം: തദ്ദേശ സ്വയംഭരണ സേവനങ്ങൾ വിരൽത്തുമ്പിൽ

കെ-സ്മാർട്ട് ഏപ്രിൽ 10 മുതൽ പൂർണസജ്ജം: തദ്ദേശ സ്വയംഭരണ സേവനങ്ങൾ വിരൽത്തുമ്പിൽ

  • Post author:
  • Post category:Kerala
  • Post comments:0 Comments

തിരുവനന്തപുരം:തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾ ഏകീകൃത പ്ലാറ്റ്‌ഫോമിലൂടെ  നൽകുന്ന ഡിജിറ്റൽ സംവിധാനമായ കെ-സ്മാർട്ട് ഏപ്രിൽ 10 മുതൽ പൂർണസജ്ജമാവും. https://ksmart.lsgkerala.gov.in എന്ന വെബ്‌സൈറ്റിലൂടെയും കെ-സ്മാർട്ട് മൊബൈൽ ആപ്ലിക്കേഷനിലൂടെയും സേവനങ്ങൾ ലഭ്യമാക്കും.

2024 ജനുവരി ഒന്നു മുതൽ കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും ആരംഭിച്ച കെ-സ്മാർട്ട്, 2025 ഏപ്രിൽ 10 മുതൽ 941 ഗ്രാമപഞ്ചായത്തുകൾ, 152 ബ്ലോക്ക് പഞ്ചായത്ത്, 14 ജില്ലാ പഞ്ചായത്ത് എന്നിവയിലേക്കും വിപുലീകരിക്കപ്പെടും.

പൊതുജനങ്ങൾക്ക് ഇനി പേപ്പർ രഹിതമായി ഡിജിറ്റൽ ഒപ്പിട്ട് അപേക്ഷ സമർപ്പിക്കാനും, ലോഗിൻ ചെയ്താൽ നേരത്തെ നൽകിയ വിവരങ്ങൾ പിന്നീട് ആവശ്യമുള്ള സേവനങ്ങൾക്ക് ഉപയോഗിക്കാനുമാകും. വാട്സാപ്പ്, ഇമെയിൽ വഴി റസീതുകളും സർട്ടിഫിക്കറ്റുകളും ലഭ്യമാകും. ആധാർ, പാൻ കാർഡ്, ഇമെയിൽ ഐഡി, ഫോൺ നമ്പർ എന്നിവ ഉപയോഗിച്ചാണ് ലോഗിൻ ചെയ്യുന്നത്. ലോഗിൻ ചെയ്യാതെയും ചില പ്രധാന സേവനങ്ങൾ ലഭ്യമാക്കുന്ന സംവിധാനം സജ്ജീകരിച്ചിട്ടുണ്ട്.അക്ഷയ കേന്ദ്രങ്ങൾ, കുടുംബശ്രീ ഹെൽപ്പ് ഡെസ്‌കുകൾ എന്നിവ വഴിയും അപേക്ഷകളും പരാതികളും നൽകാം.

അപേക്ഷാ ഫീസുകളും നികുതികളും ഓൺലൈനായി അടയ്ക്കാനും സർട്ടിഫിക്കറ്റുകൾ ഡൗൺലോഡ് ചെയ്യാനും കഴിയും. വിദേശത്തായിരുന്നാലും വീഡിയോ കെ.വൈ.സി വഴി വിവാഹ രജിസ്‌ട്രേഷൻ പൂർത്തിയാക്കാൻ സാധിക്കും. മരണ രജിസ്ട്രേഷൻ, സർട്ടിഫിക്കറ്റ് തിരുത്തലുകൾ, നോൺ-അവയ്ലബിലിറ്റി സർട്ടിഫിക്കറ്റ്, ട്രേഡ് ലൈസൻസ് പുതുക്കൽ തുടങ്ങിയവയ്ക്കായി ഓഫീസ് സന്ദർശിക്കേണ്ടതില്ല.

കെ-സ്മാർട്ടിൽ സംയോജിപ്പിച്ച ജോഗ്രഫിക്കൽ ഇൻഫർമേഷൻ സിസ്റ്റം ഉപയോഗിച്ച് നിർമാണാനുമതി നൽകിയ കെട്ടിടങ്ങളുടെ വിവരങ്ങൾ കെ-മാപ്പ് എന്ന ഫീച്ചറിലൂടെ പൊതുജനങ്ങൾക്ക് അറിയാനാകും. നോ യുവർ ലാൻഡ് ഫീച്ചറിലൂടെ ഒരു സ്ഥലത്ത് ഏതെല്ലാം തരത്തിലുള്ള കെട്ടിടങ്ങളാണ് നിർമ്മിക്കാൻ കഴിയുകയെന്ന വിവരം ലഭ്യമാകും. കെട്ടിട നിർമ്മാണത്തിന് സമർപ്പിക്കുന്ന പ്ലാനുകളുടെ സോഫ്റ്റ്‌വെയർ പരിശോധന മൂലം ഫീൽഡ് പരിശോധന കുറയും, പെർമിറ്റുകൾ വേഗത്തിൽ അനുവദിക്കപ്പെടും.

ഇൻഫർമേഷൻ കേരള മിഷൻ (IKM) ആണ് വിവിധ തദ്ദേശ സോഫ്റ്റ്‌വെയറുകൾക്ക് പകരമായി കെ-സ്മാർട്ട് വികസിപ്പിച്ചിട്ടുള്ളത്.

Leave a Reply