ഉത്തർപ്രദേശിലെ ബുലന്ദ്‌ഷഹറിലെ ഫറാന ഗ്രാമത്തിൽ നിന്നുള്ള സംസ്ഥാന തല കബഡി താരമായ ബ്രിജേഷ് സോളങ്കി (22) റാബീസ് പേ വിഷബാധയേറ്റ് മരിച്ചു. മൂന്ന് മാസങ്ങൾക്ക് മുമ്പ് ഒരു കിണറ്റിൽ വീണ നായ്ക്കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുമ്പോൾ അതിൻറെ കടിയേറ്റിരുന്നു. കടിയേറ്റത് ചെറിയ പരിക്കാണെന്ന് കരുതി, ബ്രിജേഷ് റാബീസ് വാക്സിൻ എടുക്കാൻ ശ്രമിച്ചില്ല
കഴിഞ്ഞ ആഴ്ച പ്രാക്ടീസ് സെഷനിൽ ബ്രിജേഷ് കൈയിൽ വേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടു. പിന്നീട് ജലഭയം ഉൾപ്പെടെയുള്ള റാബീസ് ലക്ഷണങ്ങൾ പ്രകടമായി. നിരവധി സർക്കാർ ആശുപത്രികളിൽ ചികിത്സ നിഷേധിക്കപ്പെട്ടതായി കുടുംബം ആരോപിച്ചു. പിന്നീട് നോയിഡയിലെ സ്വകാര്യ ആശുപത്രിയിൽ റാബീസ് സ്ഥിരീകരിച്ചു.
ജൂൺ 28-നാണ് ബ്രിജേഷ് മരണപ്പെട്ടത്.പ്രിയപ്പെട്ട കബഡി കളിക്കാരന് അന്ത്യാഞ്ജലി അർപ്പിക്കാൻ ഗ്രാമം മുഴുവൻ ഒഴുകിയെത്തി. ബ്രിജേഷിന്റെ മരണത്തെ തുടർന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ഗ്രാമത്തിൽ എത്തി 29 പേരെ വാക്സിനേറ്റ് ചെയ്തു.