കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേരളത്തിലെ യഹോവയുടെ സാക്ഷികളുടെ പ്രാർത്ഥനാ യോഗത്തിൽ നടന്ന സ്ഫോടനങ്ങൾ അന്വേഷിക്കുന്നതിനായി എൻഐഎ-യുടെയും എൻഎസ്ജി-യുടെയും സംഘങ്ങളെ അയക്കാൻ നിർദ്ദേശം നൽകി. എറണാകുളം ജില്ലയിലെ കളമശ്ശേരിയിലുള്ള സംറാ ഇന്റർനാഷണൽ കൺവെൻഷൻ ആൻഡ് എക്‌സിബിഷൻ സെന്ററിൽ ഞായറാഴ്ച്ച രാവിലെ 9.30 ഓടെയുണ്ടായ സ്‌ഫോടനത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ ചിലരുടെ പരിക്ക് ഗുരുതരവുമാണ്. സ്ഫോടനത്തിൽ മരിച്ച സ്ത്രീയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല
സംഭവം നടന്ന് ഉടൻ തന്നെ ഷാ കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണിൽ സംസാരിച്ചു. പിന്നീട്, എൻഐഎ, എൻഎസ്ജി എന്നിവയുടെ പ്രത്യേക സംഘങ്ങളെ സ്ഥലത്തേക്ക് അയക്കാൻ എൻഐഎ, എൻഎസ്ജി മേധാവികൾക്ക് നിർദ്ദേശം നൽകി.
“ദൗർഭാഗ്യകരമായ സംഭവം” എന്ന് വിശേഷിപ്പിക്കുകയും സംസ്ഥാന സർക്കാർ ഇതിനെ വളരെ ഗൗരവമായി എടുക്കുകയാണെന്നും കേരള മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
സ്‌ഫോടനത്തിൽ പരിക്കേറ്റവരെ കളമശ്ശേരിയിലെ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.
ഏകദേശം 2,000 പേർ പങ്കെടുത്ത യഹോവയുടെ സാക്ഷികളുടെ പ്രാദേശിക യോഗത്തിനിടെയാണ് സ്‌ഫോടനങ്ങൾ നടന്നത്.