You are currently viewing കണ്ണൂർ സ്വദേശിനിയെ കർണാടകയിൽ  മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ സ്വദേശിനിയെ കർണാടകയിൽ  മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ കല്യാട് സ്വദേശിനിയായ ദർശിതയെ (22) കർണാടകയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഭര്‍തൃമാതാവും സഹോദരനും ജോലിക്ക് പോയ സമയത്ത് ദർശിത വീട്ടിൽ നിന്നിറങ്ങിയതായിരുന്നു. അതേ ദിവസം തന്നെ ഭര്‍തൃവീട്ടിൽ മോഷണം നടന്നിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് വിവരങ്ങൾ അന്വേഷിക്കാൻ പോലിസ് ദർശിതയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും, അവർ യാത്രയിലാണ് എന്നും ലൊക്കേഷൻ മാറിക്കൊണ്ടിരിക്കുകയാണെന്നും മാത്രമേ മനസ്സിലാക്കാനായുള്ളു. പിന്നീട് കര്‍ണാടകയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

കഴിഞ്ഞ ദിവസം കല്യാട് പുള്ളിവേട്ടക്കൊരുവീട്ടിൽ നടന്ന മോഷണത്തിൽ 30 പവൻ സ്വർണവും നാല് ലക്ഷം രൂപയും അടങ്ങിയ ഷെൽഫ് കവർന്നിരുന്നു. വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്താണ് മോഷ്ടാക്കൾ, വാതിലിന് സമീപം ഒളിപ്പിച്ചിരുന്ന താക്കോൽ ഉപയോഗിച്ച് അകത്ത് കയറിയത്. ഭര്‍തൃമാതാവു സുമതി അയൽവീട്ടിലേക്കും മകൻ സൂരജ് ജോലിക്കുമായി പോയിരുന്നു. മരുമകൾ ദർശിത സ്വന്തം വീട്ടിലേക്കാണെന്നു പറഞ്ഞിരുന്നു.

അന്വേഷണത്തിനിടയിൽ കര്‍ണാടക പോലീസിൽ നിന്ന് ദർശിത കൊല്ലപ്പെട്ടുവെന്ന വിവരം ലഭിച്ചു. പെരിയപട്ടണം സ്വദേശി സുഹൃത്ത് സിദ്ധരാജിനൊപ്പമാണ് അവർ യാത്ര പോയിരുന്നത്. ഇരുവരും ലോഡ്ജിൽ തങ്ങിയപ്പോൾ ഉണ്ടായ വാക്കേറ്റത്തിനിടെ, സിദ്ധരാജ് ദർശിതയുടെ വായിൽ ഇലക്‌ട്രിക് ഡിറ്റനേറ്റർ തിരുകി ഷോക്കേൽപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ കണ്ടെത്തൽ. മൃതദേഹം മുഖം തകർന്ന നിലയിലായിരുന്നു.

സംഭവത്തിൽ സിദ്ധരാജിനെ കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തു. മോഷണവുമായി ബന്ധപ്പെട്ടും ഇരുവർക്കും ബന്ധമുണ്ടെന്ന് പോലീസ് സൂചിപ്പിക്കുന്നു. കസ്റ്റഡിയിലുള്ള സിദ്ധരാജിനെ ചോദ്യം ചെയ്യൽ തുടരുകയാണ്. കൊലപാതകവും മോഷണവും തമ്മിൽ ബന്ധമുണ്ടോയെന്നത് വ്യക്തമാക്കാൻ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

ദർശിത കല്യാട് ചുങ്കസ്ഥാനം സ്വദേശി എ.പി. സുഭാഷിന്റെ ഭാര്യയാണ്. ഭർത്താവ് ഗൾഫിലാണുള്ളത്. ദർശിതയ്ക്ക് രണ്ടര വയസ്സുള്ള ഒരു മകളുണ്ട്. കുട്ടിയെ ഹുന്‍സൂരിലെ വീട്ടിലാക്കി കൊണ്ടാണ് ദർശിത സുഹൃത്തിനൊപ്പം പോയതെന്നാണ് വിവരം. സംഭവം വ്യക്തമാകുന്നതോടെ കണ്ണൂർ പൊലീസ് കര്‍ണാടകയിലേക്ക് എത്തി കൂടുതൽ തെളിവുകൾ ശേഖരിക്കുകയാണ്.

Leave a Reply