
കാസർകോട്: മോഷണക്കുറ്റം ആരോപിച്ച് ഭർതൃവീട്ടുകാരും പോലീസും അയൽക്കാരും മാനസികമായി പീഡിപ്പിച്ചെന്നാരോപിച്ച് 24-കാരിയായ യുവതി ജീവനൊടുക്കി. കാസർകോട് മുളിയാർ സ്വദേശിനിയായ ജസീല (24)യാണ് വിഷം കഴിച്ച് മരിച്ചത്.

താൻ നിരപരാധിയാണെന്നും തന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദികൾ ആരൊക്കെയെന്നും വ്യക്തമാക്കുന്ന വീഡിയോ സന്ദേശം പുറത്തുവിട്ട ശേഷമാണ് ജസീല കടുംകൈ ചെയ്തത്. ഭർതൃവീട്ടിന് സമീപത്തെ വിവാഹാഘോഷത്തിനിടെ അയൽവാസിയുടെ ഒൻപതര പവൻ സ്വർണം കാണാതായ സംഭവത്തിലാണ് ജസീലയെതിരെ മോഷണക്കുറ്റം ആരോപണം ഉയർന്നത്. തുടർന്ന് അയൽക്കാരും ഭർതൃവീട്ടുകാരും ചേർന്ന് ജസീലയെ മാനസികമായി പീഡിപ്പിച്ചതായി കുടുംബം ആരോപിച്ചു.
ആദൂർ പോലീസ് സ്റ്റേഷനിൽ വനിതാ പോലീസുകാരില്ലാതെ തന്നെ ചോദ്യം ചെയ്തതായും, സ്വന്തം പരാതി സ്വീകരിക്കാൻ പോലീസ് തയ്യാറായില്ലെന്നും ജസീല പുറത്തുവിട്ട വീഡിയോയിൽ ആരോപിക്കുന്നുണ്ട്. ഇല്ലാത്ത കുറ്റത്തിന്റെ പേരിൽ സോഷ്യൽ മീഡിയ വഴിയും മറ്റും ക്രൂരമായി അപമാനിച്ചതായും ഇത് കുടുംബത്തെ വലിയ പ്രയാസത്തിലാക്കിയെന്നും വീഡിയോയിൽ ജസീല വ്യക്തമാക്കുന്നു.
ചികിത്സയിലിരിക്കെ മജിസ്‌ട്രേറ്റ് ജസീലയുടെ മരണമൊഴി രേഖപ്പെടുത്തിയിരുന്നു. കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിദ്യാനഗർ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളെക്കുറിച്ചും പ്രത്യേക അന്വേഷണം വേണമെന്ന് നാട്ടുകാരും കുടുംബവും ആവശ്യപ്പെട്ടിട്ടുണ്ട്.
രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ തനിച്ചാക്കിയാണ് ജസീല ഈ ലോകത്തുനിന്ന് വിടപറഞ്ഞത്.