തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു (കെസിആർ) ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെലങ്കാനയിലെ പരിപാടികൾ ഒഴിവാക്കും. തെലങ്കാന ഭരണകക്ഷിയായ ഭാരത് രാഷ്ട്ര സമിതിയുടെ (BRS) മന്ത്രി തലസാനി ശ്രീനിവാസ് യാദവ് ഇക്കാര്യം സ്ഥിരീകരിച്ചു.
കെസിആർ മോദിയുടെ പരിപാടികൾ ഒഴിവാക്കുന്നതിന് കാരണം വ്യക്തമാക്കിയിട്ടില്ല. എന്നാൽ, ബിജെപിക്കെതിരായ പോരാട്ടം കടുപ്പിക്കാൻ തീരുമാനിച്ചിരിക്കുന്ന കെസിആർ, മോദിയുടെ പരിപാടികളിൽ പങ്കെടുത്ത് അതിന് പിന്തുണ നൽകില്ലെന്ന നിലപാടിലാണെന്നാണ് റിപ്പോർട്ടുകൾ.
മോദി തെലങ്കാന സന്ദർശിക്കുന്നതിന് മുന്നോടിയായി കെസിആർ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു. തെലങ്കാനയോട് വിവേചനം കാണിക്കുകയും സംസ്ഥാനത്തിന്റെ വികസനത്തിന് തടസ്സം സൃഷ്ടിക്കുകയുമാണ് കേന്ദ്രസർക്കാർ ചെയ്യുന്നതെന്ന് കെസിആർ ആരോപിച്ചു.
റോഡ്, റെയിൽ, പെട്രോളിയം, പ്രകൃതിവാതകം, ഉന്നത വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ 13,500 കോടി രൂപയിലധികം മൂല്യമുള്ള നിരവധി വികസന പദ്ധതികൾക്ക് മോദി തെലുങ്കാനയിൽ തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും ചെയ്യും. വീഡിയോ കോൺഫറൻസിംഗിലൂടെ അദ്ദേഹം ട്രെയിൻ സർവീസ് ഫ്ലാഗ് ഓഫ് ചെയ്യും.
നവംബർ-ഡിസംബർ മാസങ്ങളിൽ നടക്കാൻ സാധ്യതയുള്ള നിയമസഭാ തെരഞ്ഞെടുപ്പിന് സംസ്ഥാനം ഒരുങ്ങിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അദ്ദേഹത്തിന്റെ സന്ദർശനത്തിന് രാഷ്ട്രീയ പ്രാധാന്യമുണ്ടെന്ന് കരുതപെടുന്നു