വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ വികസന പദ്ധതിയിൽ സുപ്രധാന മുന്നേറ്റമായി, 817.80 കോടി രൂപയുടെ വയബിലിറ്റി ഗ്യാപ് ഫണ്ട് (വി.ജി.എഫ്) കരാറിൽ കേരള സർക്കാരും കേന്ദ്രവും ഒപ്പുവച്ചു. മസ്കറ്റിൽ ഹോട്ടലിൽ നടന്ന ചടങ്ങിൽ തുറമുഖ വകുപ്പ് മന്ത്രി വി. എൻ. വാസവൻ കരാറിൽ ഒപ്പുവച്ചു
കേന്ദ്രം, അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് (എ.വി.പി.പി.എൽ), ബാങ്ക് കൺസോർഷ്യം എന്നിവർ തമ്മിലുള്ള ത്രികക്ഷി കരാറാണ് ആദ്യമായി ഒപ്പുവെച്ചത്. തുറമുഖ വരുമാനത്തിന്റെ 20% കേന്ദ്ര സർക്കാരുമായി പങ്കിടുന്ന രണ്ടാമത്തെ കരാറിൽ കേരള ചീഫ് സെക്രട്ടറി ശാരദാ മുരളിധരൻ ഒപ്പുവച്ചു.
പദ്ധതിയുടെ അവസാന നാല് ഘട്ടങ്ങളും 2028 ഡിസംബറോടെ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. 2034 മുതൽ പുതിയ കരാറിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തിന് വരുമാനം ലഭിച്ചു തുടങ്ങും. രണ്ടാം മുതൽ നാലാംഘട്ടം വരെ കണക്കാക്കുന്ന ഏകദേശം 10,000 കോടി രൂപയുടെ വികസനച്ചെലവ് മുഴുവൻ എ.വി.പി.പി.എൽ വഹിക്കും.
തുറമുഖത്തിന് പ്രതിവർഷം കുറഞ്ഞത് 30 ലക്ഷം ടിയുഇ (TEU) ശേഷിയുണ്ടായിരിക്കും. പദ്ധതിയുടെ പുരോഗതിയോടെ കേരളം ആഗോള സമുദ്ര വ്യാപാരഭൂപടത്തിൽ നിർണായക സ്ഥാനം നേടും
